പുതിനയൊരു പതിവു ചേരുവയൊന്നുമല്ല കറികളില്‍. പക്ഷേ ബിരിയാണിയിലും ചിക്കന്‍കറിയിലും കയറിക്കൂടിയാല്‍ മണവും ഗുണവും ചേര്‍ന്ന് അവനങ്ങ് കസറും. ലൈംജ്യൂസ് പോലുള്ള പാനീയങ്ങള്‍ക്കും നല്‍കും പച്ചപ്പും പ്രസരിപ്പും അതിലേറെ സ്വാദും.
ഔഷധഗുണങ്ങളുടെ കാര്യത്തിലും പുതിന പിന്നിലല്ല. ചര്‍മത്തെ കേടുപാടുകളില്ലാതെ പരിരക്ഷിക്കും. പ്രതിരോധശക്തി കൂട്ടും. ഇതില്‍ ഇരുമ്പുസത്ത് ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയ പുതിന, ദഹനപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. പുതിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ്. പക്ഷേ ഉപയോഗം കൂടിപ്പോകാതെ ശ്രദ്ധിക്കണം. തലവേദന ശമിക്കാന്‍ പുതിന അരച്ച് നെറ്റിയിലിടാം. പുതിന അടങ്ങിയ ബാമുകളും ഇതേ ഫലം തരും. പുതിന ഇലകള്‍ വായിലിട്ട് ചവയ്ക്കുന്നത് പല്ലുകളുടെയും മോണയുടെയും ആരോഗ്യം കൂട്ടും.
വാങ്ങാന്‍ ഓടേണ്ട; വളര്‍ത്താം
വളരെ എളുപ്പത്തില്‍ വീട്ടില്‍ നട്ടുവളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ പുതിന.
വാവട്ടമുള്ള, അധികം പൊക്കമില്ലാത്ത മണ്‍ചട്ടിയില്‍ പോട്ടിങ് മിശ്രിതം 40, മണ്ണ് 30, കംപോസ്റ്റ് 30 ശതമാനം എന്ന അനുപാതത്തില്‍ നിറയ്ക്കണം. അതില്‍ വെള്ളമൊഴിച്ച് ഈര്‍പ്പമുള്ളതാക്കണം. അതിലേക്ക് പുതിനയുടെ കമ്പുകള്‍ (കടയില്‍ നിന്ന് വാങ്ങാം) നടാം. വരണ്ടിരിക്കുന്ന മണ്ണില്‍ പുതിന വളരില്ല. അധികം വെയിലേല്‍ക്കുന്നതും നല്ലതല്ല. രാവിലെ ഇളംവെയിലും വൈകിട്ട് പോക്കുവെയിലും ലഭിക്കുന്നിടത്ത് ചട്ടിവയ്ക്കുന്നതാണ് നല്ലത്. ആവശ്യത്തിന് നനയും പരിചരണവും കിട്ടിയാല്‍ 25 ദിവസം കൊണ്ട് പുതിന തഴച്ചങ്ങു വളരും. വര്‍ഷത്തില്‍ ഒരിക്കല്‍ ചട്ടിയിലെ മിശ്രിതം മാറ്റാന്‍ മറക്കരുത്.
അരിപ്പ പോലുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ കമ്പുകള്‍ നട്ട് അത് മറ്റൊരു പാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കിവച്ച് അടുക്കളയിലും പുതിന വളര്‍ത്താം. ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം മാറ്റിക്കൊടുക്കാന്‍ മറക്കരുത്. വെള്ളത്തിലേക്ക് ഇറക്കിവയ്ക്കുന്ന കമ്പുകളില്‍ ഇലകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഇലകള്‍ വീണുകിടന്നാല്‍ വെള്ളം കേടാവും. രണ്ടാഴ്ച കഴിയുമ്പോള്‍, തഴച്ച് തലയെടുപ്പോടെ വളരും. അവയുടെ തലപ്പ് വെട്ടിമാറ്റിയാല്‍ കൂടുതല്‍ കരുത്തോടെ ഇടതൂര്‍ന്ന് വളരുന്നതു കാണാം.
പുതിന കൊണ്ട് ചിക്കന്‍ കറിയും ബിരിയാണിയുണ്ടാക്കലും എപ്പോഴും നടപ്പില്ല. പക്ഷേ പുതിനയിട്ട നാരങ്ങാവെള്ളം ഉണ്ടാക്കാന്‍ അധികം മെനക്കെടേണ്ടതില്ലല്ലോ. അത് ‘പാചകപ്പുരയില്‍’ വായിക്കാം