പശുവില്‍ നിന്നുള്ള അഞ്ച് ജൈവ ഉത്പന്നങ്ങളുടെ മിശ്രിതമാണ് ‘പഞ്ചഗവ്യം’. പുരാതന കാലം മുതല്‍ ഭാരതീയ കാര്‍ഷിക സംസ്‌കൃതിയില്‍ പഞ്ചഗവ്യം കൃഷിക്ക് ഉപയുക്തമാക്കിയതായി കാണാം. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര് എന്നീ അഞ്ചു ഘടകങ്ങള്‍ ചേര്‍ന്നാല്‍ അത് പഞ്ചഗവ്യമായി.
‘ആളെക്കൊല്ലിയായ’ രാസവളങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനിനി ബാക്കിയില്ല. നമ്മളിനി തിരിച്ചുപോകേണ്ടത് പ്രകൃതിയോട് സമരസപ്പെടുന്ന ജൈവസംസ്‌കാരത്തിലേക്കാണ്. ജീവസ്സുറ്റൊരു കാര്‍ഷിക മേഖല അതിജീവനത്തിനായി സൃഷ്ടിച്ചെടുത്തേ പറ്റൂ. പഞ്ചഗവ്യത്തിലൂടെയാകാം പുതിയൊരു കാര്‍ഷിക പാഠം.
സംസ്‌കൃതത്തില്‍ പാഞ്ച് അഥവാ പഞ്ചമെന്നാല്‍ അഞ്ചെന്ന് അര്‍ത്ഥം. ഗവ്യമെന്നാല്‍ പശു. വിളകള്‍ക്ക് വളര്‍ച്ചയും പ്രതിരോധശേഷിയും നല്‍കാന്‍ പഞ്ചഗവ്യം ശ്രേഷ്ഠമാണ്. മൃഗങ്ങളില്‍ ഇത് രോഗപ്രതിരോധശേഷി കൂട്ടും. മുറിവുണക്കാന്‍, വിശപ്പു വര്‍ധിപ്പിക്കാന്‍, സോറിയാസിസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനെല്ലാം മനുഷ്യര്‍ക്കും ഫലപ്രദം.
ഏറെയൊന്നും പാടുപെടാതെ പഞ്ചഗവ്യം വീടുകളില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതിന്റെ ഗന്ധം പലപ്പമോഴും അസഹനീയമാണ്. അതു തടയാന്‍ ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്ന പതിവുണ്ട്.
പഞ്ചഗവ്യം ഉണ്ടാക്കാന്‍ വേണ്ടതെന്തൊക്കെയെന്ന് നോക്കാം.
പാല്‍ രണ്ട് ലിറ്റര്‍
തൈര് രണ്ട് ലിറ്റര്‍
ഗോമൂത്രം മൂന്ന് ലിറ്റര്‍
നെയ്യ് അരക്കിലോ
ചാണകം അഞ്ച് കിലോ
കരിമ്പ് ജ്യൂസ് മൂന്ന് കിലോ
ഇളനീര്‍ വെള്ളം മൂന്ന് ലിറ്റര്‍
വാഴപ്പഴം പന്ത്രണ്ട്
കള്ള് അല്ലെങ്കില്‍ മുന്തിരി ജ്യൂസ് രണ്ട് ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
വലിയ വാവട്ടമുള്ളൊരു പാത്രത്തില്‍ വേണം പഞ്ചഗവ്യമുണ്ടാക്കാന്‍. മണ്ണ് അല്ലെങ്കില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ലോഹപാത്രങ്ങള്‍ ഒഴിവാക്കണം. ആദ്യം ചാണകവും നെയ്യും പാത്രത്തില്‍ ഒരുമിച്ച് ചേര്‍ത്ത് മൂന്നു ദിവസം രണ്ടു നേരം വീതം ഇളക്കിക്കൊണ്ടിരിക്കുക.. നാലാം ദിവസം മറ്റു ചേരുവകള്‍ കൂടി ചേര്‍ക്കുക. അതിനു ശേഷം 15 ദിവസം രണ്ടു നേരം തുടര്‍ച്ചയായി ഇത് ഇളക്കുക. 19 ദിവസം പിന്നിടുമ്പോള്‍ പഞ്ചഗവ്യം തയ്യാറായിരിക്കും.
സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
അടച്ചു ഭദ്രമാക്കി തണലുള്ളിടത്തു വേണം പഞ്ചഗവ്യം സൂക്ഷിക്കാന്‍. പ്രാണികള്‍ വീഴാതെയും മുട്ടയിടാതെയും പ്രത്യേകശ്രദ്ധ നല്‍കണം. 60 ദിവസം വരെ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ പഞ്ചഗവ്യം സൂക്ഷിക്കാം. ദിവസവും രണ്ടുനേരം ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. കട്ടിയായി, കനച്ചതു പോലെ തോന്നുന്നുവെങ്കില്‍ അല്പം വെള്ളം ചേര്‍ത്തു കൊടുക്കാം. മൂന്ന് ലിറ്റര്‍ പഞ്ചഗവ്യത്തിന് 100 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ലായനി ഉണ്ടാക്കി വേണം ചെടികളില്‍ കീടനാശിനിയായി ഉപയോഗിക്കാന്‍. ഒരേക്കറിന് 20 ലിറ്റര്‍ പഞ്ചഗവ്യം എന്ന കണക്കിലാണ് മണ്ണില്‍ ചേര്‍ക്കേണ്ടത്. അല്പം വെള്ളമെടുത്ത് അതിന്റെ മൂന്നു ശതമാനം പഞ്ചഗവ്യമൊഴിച്ച് ലായനിയുണ്ടാക്കി വിത്തുകള്‍ കുതിര്‍ത്തു വെച്ചശേഷം നടുന്നത് ഗുണകരമാണ്. ഇരുപത് മിനുട്ട് നേരത്തേക്കാണ് കുതിര്‍ത്തു വെയ്‌ക്കേണ്ടത്. അതുപോലെ മഞ്ഞള്‍, ഇഞ്ചി, കരിമ്പ് എന്നിവയുടെ കാണ്ഡങ്ങള്‍ ഇതേ ലായനിയില്‍ അരമണിക്കൂര്‍ മുക്കി വെച്ച ശേഷം നടുന്നത് വിളകള്‍ക്ക് കരുത്തു പകരും. വിളകള്‍ പൂവിടുന്നതിനു മുമ്പ് പഞ്ചഗവ്യം പതിനഞ്ചു ദിവസത്തിലൊരിക്കല്‍ രണ്ടു നേരം സ്‌പ്രേ ചെയ്യുക. പൂവിടുമ്പോള്‍ പത്തു ദിവസിലൊരിക്കല്‍ രണ്ടു നേരമെന്നതാണ് കണക്ക്.