വേനലില്‍ പോലും വശ്യമനോഹരിയാണ് ബൊഗേന്‍ വില്ല. പരിചരണമില്ലെങ്കിലും വര്‍ണം വാരിവിതറി പടര്‍ന്നു പന്തലിച്ചു വളരും. ആഴ്ചകളോളം വാടാതെ നില്‍ക്കുന്ന ഈ കടലാസുപൂക്കളുടെ പിറവി തെക്കേ അമേരിക്കയിലാണ്. മുമ്പ് കടുത്തപിങ്ക്, വെള്ള നിറങ്ങളില്‍ മാത്രം പൂത്തുലഞ്ഞിരുന്ന ബൊഗേന്‍വില്ലകള്‍ ഇപ്പോള്‍ പല വര്‍ണങ്ങളില്‍ ലഭ്യം. കുറ്റിച്ചെടിയായും, വള്ളി പോലെ പടര്‍ത്തിവിട്ടും ബോണ്‍സായ് രൂപത്തിലും ചെടികള്‍ വളര്‍ത്തിയെടുക്കാം. വളര്‍ത്തുന്നതിലെ വൈവിധ്യമേറിയതോടെ ബോഗെന്‍വില്ലകള്‍ ഇന്ന് പൂന്തോട്ടങ്ങളുടെ അരുമയാണ്.
പരിചരിക്കാം കരുതലോടെ
‘അതങ്ങ് വളര്‍ന്നോളും’ എന്ന നിലപാടു മാറ്റി, ഇപ്പോഴവ പരിചരിച്ചു തന്നെ വളര്‍ത്തുകയാണ് ഉദ്യാനപ്രേമികള്‍. മുമ്പ് ഗേറ്റുകള്‍ക്ക് ഇരുവശവും നട്ട് ആര്‍ച്ചു രൂപത്തിലായിരുന്നു കടലാസ് പൂക്കള്‍ ഏറെയും കാന്തി പകര്‍ന്നിരുന്നത്. കുറ്റിച്ചെടിയായി, ചട്ടികളിലോ ഗ്രോബാഗിലോ ആണ് ഇപ്പോഴത് വസന്തം വിരിയിക്കുന്നത്. വെറും മണ്ണിലും നട്ടുവര്‍ത്തുന്നുണ്ട്. നല്ലതുപോലെ പരിപാലിച്ചാല്‍ വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് ഈ ചെടികള്‍ക്കുണ്ടാകുക. ഗ്രോബാഗിലും മറ്റും കമ്പുകള്‍ നട്ടു വളര്‍ത്താം. ഒരു കൂട്ടമായി നട്ട് വേരു പിടിച്ച ശേഷം മാറ്റി നടുന്നതാണ് യോജിച്ച രീതി. വെള്ള, പിങ്ക്, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലെല്ലാം പൂക്കള്‍ തരുന്ന കമ്പുകള്‍ ഇടകലര്‍ത്തി നടാം.
കമ്പുനടലും കരുതലും
കമ്പ് നടാനുള്ള മണ്ണും വളവും ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മണ്ണും ആറ്റുമണലും ചകിരിച്ചോറും ചാണകപ്പൊടിയും കലര്‍ത്തി അതില്‍വേണം നടാന്‍. ദിവസവും അഞ്ചു മണിക്കൂറെങ്കിലും വെയില്‍ കൊണ്ടാലേ വളര്‍ച്ച ത്വരിതപ്പെടൂ. ഇടയ്ക്ക് നനച്ചു കൊടുക്കണം. പൂവിടാന്‍ വൈകിയാല്‍ അല്‍പ്പം എല്ലു പൊടി ചേര്‍ത്തു കൊടുക്കാം. ചട്ടിയിലോ, ഗ്രോബാഗിലോ വളര്‍ത്തുന്നവ അലക്ഷ്യമായി വിടരുത്. തണ്ടുകളിങ്ങനെ പൂക്കാതെ കിടക്കും. തണ്ടുകളുടെ അഗ്രഭാഗത്തു നിന്ന് ആറോ ഏഴോ ഇഞ്ച് താഴോട്ട് വെട്ടിക്കളയുന്നത് നല്ലതാണ്. ചട്ടിയില്‍ പാഴ്‌ചെടികളും മറ്റും വളര്‍ന്നു നില്‍പ്പുണ്ടങ്കെില്‍ അവ പൂര്‍ണമായും പറിച്ചു മാറ്റണം.
വളം നല്‍കാം, വാങ്ങാതെ
വീട്ടില്‍ അനായാസം ഉണ്ടാക്കിയെടുക്കാവുന്നതാണ് ബൊഗേന്‍ വില്ലയ്ക്കുള്ള വളങ്ങള്‍. അവയില്‍ ചിലത് പ്രയോഗിച്ചു നോക്കുക. രണ്ടു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചായപ്പൊടിയിട്ട് ഒരു ദിവസം മുഴുവന്‍ വയ്ക്കുക. പിന്നീട് അത് അരിച്ചെടുത്ത് അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിക്ക് ഒഴിക്കുക. തടത്തിലെ മേല്‍മണ്ണ് നന്നായി ഇളക്കിയശേഷം വേണം ഇത് ഒഴിക്കാന്‍. ചായപ്പൊടിയുടെ അവശിഷ്ടം കളയേണ്ടതില്ല. അതില്‍ തന്നെ വെള്ളമൊഴിച്ചു വച്ച് രണ്ടു തവണകൂടി ലായനി ഉണ്ടാക്കാം.
മുട്ടത്തൊണ്ട്, കാരറ്റിന്റെയും പഴത്തിന്റെയും തൊലി എന്നിവ കൊണ്ടും നല്ലൊരു വളപ്രയോഗമാവാം. രണ്ടു പഴത്തിന്റെ തൊലി (റോബസ്റ്റയുടേതെങ്കില്‍ കൂടുതല്‍ നല്ലത്), ഒരു പിടി കാരറ്റ് തൊലി, ഒരു മുട്ടത്തൊണ്ട് പൊട്ടിച്ചത് എന്നിവയെടുത്ത് ഒരു പാത്രത്തിലിട്ട് ഒരു മഗ് വെള്ളമൊഴിച്ചു വയ്ക്കുക. അല്‍പ്പം വായുസഞ്ചാരമുള്ള വിധത്തിലാവണം പാത്രം അടച്ചുവയ്‌ക്കേണ്ടത്. ഏഴു ദിവസം കഴിഞ്ഞ് അത് തുറന്നു നോക്കുക. നന്നായി പുളിച്ചു പൊങ്ങിയിരിക്കും. അരിച്ചെടുത്ത് ഒരു മഗ് വെള്ളം കൂടിയൊഴിച്ച് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഒഴിക്കുക. അവ തഴച്ചു വളരും. കൊതിപ്പിച്ചു പൂക്കും.