ഇത്തിരി വെള്ളം മതി ഉലുവച്ചീര നടാം

കൃഷി ചെയ്യാന്‍ മുറ്റമില്ല പറമ്പില്ല. എന്നാല്‍ പോട്ടെ, ടെറസോ ബാല്‍ക്കണിയോ ഉണ്ടോ? അതുമില്ലെങ്കില്‍ ഇത്തിരി വെള്ളം മതി. മല്ലിയും ഉലുവയും ചെറുപയറുമെല്ലാം സ്പ്രൗട്ടാക്കിയെടുത്ത് പാചകത്തിന് ആവശ്യത്തിനുള്ള ചീരയുണ്ടാക്കാം. മണ്ണുവേണ്ട. സ്ഥലവും വേണ്ട.
ധാന്യങ്ങള്‍ മുളപ്പിച്ചെടുക്കുന്ന ഇലകളുടെ കൂട്ടത്തില്‍ മലയാളികള്‍ക്ക് അത്രയൊന്നും പരിചിതമല്ല ഉലുവച്ചീര. അതെങ്ങനെ പാകം ചെയ്യണമെന്നും പലര്‍ക്കുമറിയില്ല. ഇതിന്റെ ഗുണങ്ങളോ, എല്ലിന്റെ ശക്തിക്കും ഹൃദയാരോഗ്യത്തിനും ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം അതികേമം.
എങ്ങനെ നടാം വെള്ളത്തില്‍
അതിനു വേണ്ടത് ഇതൊക്കെയാണ്: കുറച്ച് ഉലുവമണികള്‍, അത്യാവശ്യം വാവട്ടമുള്ള ഒരു പ്ലാസ്റ്റിക് പൂച്ചട്ടി അതല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തിലും പാത്രം, പരന്ന ഒരു നെറ്റ് ബാസ്‌കറ്റ്, ഇടത്തരം വലിപ്പത്തില്‍ ഒരു ടവല്‍, പിന്നെയിത്തിരി വെള്ളം.
നട്ടു തുടങ്ങാം
ഒരു പിടി ഉലുവ മണികള്‍ ഒരു ദിവസം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. അതിനു ശേഷം എടുത്ത് വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ബൗളില്‍ ഇട്ട് വീണ്ടും ഒരു ദിവസം മുഴുവന്‍ അടച്ചുവയ്ക്കുക. അപ്പോഴേക്കും അവ മുളപൊട്ടിയിരിക്കും. അതെടുത്ത് ഒരു നെറ്റ് ബാസ്‌കറ്റില്‍ വിതറണം. ഒരു പ്ലാസ്റ്റിക് പൂച്ചട്ടിയില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുത്ത്‌, മുളപ്പിച്ച ഉലുവ വിതറിയ ബാസ്‌കറ്റ് അതിനു മീതെ വയ്ക്കുക.
പ്രത്യേകം ശ്രദ്ധിക്കാന്‍
ചട്ടിയിലെ വെള്ളം ബാസ്‌കറ്റില്‍ കയറരുത്. എന്നാല്‍, അതിന്റെ അടിവശം വെള്ളത്തില്‍ തൊടുന്ന പാകത്തിലുമാവണം. അതുകഴിഞ്ഞ് ബാസ്‌കറ്റ് ഒരു ടവല്‍ കൊണ്ട് മൂടി ഒരു ദിവസം മുഴുവന്‍ വയ്ക്കുക. പിന്നീട് തുറന്നു നോക്കിയാല്‍ മുളച്ചു പൊങ്ങി തുടങ്ങിയതായി കാണാം. അവയുടെ വേരുകള്‍ വെള്ളത്തിലേക്ക് നീണ്ടിറിങ്ങിയിരിക്കും. വീണ്ടും ടവല്‍ കൊണ്ട് മൂടി മൂന്നു ദിവസത്തിനു ശേഷം തുറന്നു നോക്കിയാല്‍ നന്നായി വളര്‍ന്നു പൊങ്ങിയതായി കാണാം. അതുകഴിഞ്ഞ് ചട്ടിയും ബാസ്‌കറ്റും ഒരുമിച്ചെടുത്ത് വെളിച്ചം കിട്ടുന്നിടത്ത് വയ്ക്കണം. പിന്നെ ടവല്‍ കൊണ്ട് മൂടേണ്ടതില്ല. ചട്ടിയിലെ വെള്ളം രണ്ടു ദിവസം കൂടുമ്പോള്‍ മാറ്റിക്കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പത്തോ പതിനഞ്ചോ ദിവസം
പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോഴേക്കും ഇലകള്‍ നീണ്ട് വെട്ടിയെടുക്കാന്‍ പാകത്തിനായി കാണും. ഇലകള്‍ക്ക് ചെറിയൊരു കയ്പ്പുണ്ടാവാറുണ്ട്. പൂച്ചട്ടിയില്‍ വളമൊന്നുമിടാത്ത മണ്ണില്‍ വിതറിയാലും ഉലുവ സ്പ്രൗട്ടുകള്‍ നന്നായി വളരും.
ഉരുളക്കിഴങ്ങനൊപ്പം ചീരവയ്ക്കുന്നതു പോലെ പാകപ്പെടുത്തിയാല്‍ ഊണിനു പറ്റിയൊരു സൈഡ് ഡിഷാണ് ഉലുവച്ചീര മെഴുക്കു പുരട്ടി. ഈ ഇലകള്‍ പ്രത്യേക പ്രോസസോടെ ഉണക്കിയെടുക്കുന്നതാണ് കസൂരിമേത്തി. ഉത്തരേന്ത്യക്കാരുടെ വെജ്, നോണ്‍വെജ് മെനുവില്‍ പകരം വയ്ക്കാനില്ലാത്ത താരമാണ് കസൂരിമേത്തി.

LEAVE A REPLY


വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കൃഷിയിടം ന്യൂസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here