ചെറിയൊരു തണ്ടു കിട്ടിയാല്‍ മതി മണിപ്ലാന്റിനെ വളര്‍ത്തി വലുതാക്കി നമുക്ക് സ്വീകരണമുറിയില്‍ അലങ്കരിച്ചിരുത്താം. മണ്ണിന്റെ കുഞ്ഞുപാത്രങ്ങളോ, സെറാമിക് ചട്ടികളോ, സ്ഫടികജാറോ അതുമല്ലെങ്കില്‍ ചില്ലുകുപ്പിയോ എടുത്ത് അതിലിത്തിരി വെള്ളം നിറച്ച് മണിപ്ലാന്റ് വെറുതെയങ്ങ് ഇറക്കിവച്ചാല്‍ മതി. മണ്ണു നിറച്ച് അതിലും നടാം. മനം കവരും പ്ലാന്റ് ആയി അവനങ്ങ് വളരും. പുട്ടുകണപോലൊരു മുളന്തണ്ടെടുത്ത് അതിനെ നിവര്‍ത്തി വയ്ക്കാതെ കിടത്തിയിട്ട് (രണ്ടറ്റവും അടഞ്ഞിരിക്കണം) നടുവില്‍ ഇത്തിരി മണ്ണു നിറച്ച് അതിലും നടാം മണിപ്ലാന്റ്. മുളന്തണ്ടില്‍ ചകിരികൊണ്ടു മെടഞ്ഞ കയറു വരിഞ്ഞു കെട്ടി ചേലുകൂട്ടാം.
പെട്ടെന്നു വളര്‍ത്താം
വീടിനകത്ത് വളര്‍ത്താവുന്ന അലങ്കാരച്ചെടികള്‍ പലതരമുണ്ട്. പക്ഷേ മണിപ്ലാന്റിനുള്ള ചന്തം ഒന്നു വേറെത്തന്നെയാണ്. പത്തോളം സങ്കര ഇനങ്ങളുണ്ട് മണിപ്ലാന്റില്‍. വള്ളിച്ചെടി പോലെ പടര്‍ന്നു കയറുന്ന ഈ ചെടികളുടെ കൂമ്പു നുള്ളി കുറ്റിച്ചെടികളായും വളര്‍ത്തിയെടുക്കാം. വീടിനകത്തെ മലിനമായ വായുവിനെ ശുദ്ധീകരിക്കുന്ന ദൗത്യവും മണിപ്ലാന്റ് ഏറ്റടുത്തോളും. അതുമാത്രമല്ല ധനസമൃദ്ധിക്കും ഈ പ്ലാന്റ് വഴിയൊരുക്കുമെന്നൊരു വിശ്വാസവുമുണ്ട്.
എങ്ങനെ നടാം
ഒന്നിലേറെ കുഞ്ഞു തണ്ടുകള്‍ ഒരുമിച്ചെടുത്ത് വെള്ളത്തിലിറക്കി നടുന്നതാണ് നല്ലത്. റബ്ബര്‍ബാന്‍ഡോ നേര്‍ത്ത തുണിക്കഷ്ണമോ ഉപയോഗിച്ച് തണ്ടുകളെല്ലാം ഒരുമിച്ച് കെട്ടി വെള്ളത്തിലേക്ക് ഇറക്കിവയ്ക്കണം. ഒന്നോ രണ്ടോ ആഴചയ്ക്കുള്ളില്‍ വേരു മുളച്ചിരിക്കും. മണ്ണില്‍ നടുമ്പോള്‍ അകലം പാലിച്ച് നടുന്നതാണ് നല്ലത്. മുട്ടത്തൊണ്ട് പൊട്ടിച്ച് കുറച്ചു വെള്ളത്തില്‍ ഇട്ടുവച്ച് ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം ആ വെള്ളം ഒഴിച്ചുകൊടുത്താന്‍ ഇവ തഴച്ചു വളരും.
പരിചരിക്കാന്‍ മറക്കേണ്ട
അതങ്ങ് വളര്‍ന്നോളും എന്നു കരുതി മണിപ്ലാന്റിനെ അവഗണിക്കരുത്. വെയില്‍ അധികം തട്ടാതെ സൂക്ഷിക്കണം. കണ്ടമാനം വളപ്രയോഗം നടത്തേണ്ടതില്ല. ഇടയ്ക്കിടെ ഇലകള്‍ പൊടിതട്ടി വൃത്തിയാക്കുന്നതും നല്ലതാണ്. ജനല്‍പ്പടികളിലും സ്വീകരണമുറിയിലെ കൊച്ചുമേശകളിലുമെല്ലാം മണിപ്ലാന്റ് വയ്ക്കാം. അടുക്കളയിലെ ജനാലകളിലും ഈ പച്ചപ്പ് തൂങ്ങിക്കിടന്നോട്ടെ. ‘പടപടാ’ന്ന് പണിയെടുക്കുമ്പോള്‍ ഇടയ്‌ക്കൊരു നോട്ടം അങ്ങോട്ടാവാം. ചെറുതെങ്കിലും ഒരു ആശ്വാസ പുഞ്ചിരി അവന്‍ സമ്മാനിക്കും.