അഴകില്‍ പകരക്കാരനില്ലാത്ത തുണിത്തരമാണ് സില്‍ക്ക് അഥവാ പട്ട്. സമാനതകളില്ലാത്ത പ്രതാപവും പ്രകൃതിദത്തമായ തിളക്കവും നിറങ്ങളോടുള്ള പൊരുത്തവും മൃദുത്വവുമെല്ലാം സില്‍ക്കിനെ ‘വസ്ത്രങ്ങളുടെ റാണി’യാക്കി. അതിലോലമായ, മങ്ങാതെ ഏറെക്കാലം നില്‍ക്കുന്ന തുണിത്തരമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.
കുറഞ്ഞ മുതല്‍മുടക്കില്‍ ഏറെ ലാഭം കൊയ്യുന്ന സില്‍ക്ക് വ്യവസായം (സെറികള്‍ച്ചര്‍) കോടിക്കണക്കിന് ജനങ്ങളുടെ ജീവനോപാധിയാണ്. ഗ്രാമങ്ങളിലധിഷ്ഠിതമായ ഈ വ്യവസായം ഒട്ടേറെ ജോലി സാധ്യതകളും നല്‍കുന്നു. കാര്‍ഷിക സമ്പദ്ഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് സാമൂഹ്യസാമ്പത്തിക വികസനത്തിന് അനുവര്‍ത്തിക്കാവുന്ന മികച്ച വ്യവസായമാണ് സെറികള്‍ച്ചര്‍. സില്‍ക്ക് ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ഇന്ത്യക്കാരുടെ ജീവിതവും സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന സില്‍ക്കിന്റെ നിര്‍മ്മാണത്തിലും വ്യാപാരത്തിലും അതിസമ്പന്നമായൊരു ചരിത്രം നമുക്കുണ്ട്. 1500 നൂറ്റാണ്ടു മുതലുള്ള ചരിത്രം.
രാജ്യത്ത് ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമായി ഏകദേശം 7.65 കോടിയിലേറെ ജനങ്ങള്‍ക്ക് സെറികള്‍ച്ചര്‍ തൊഴില്‍ നല്‍കുന്നു. അതില്‍ നല്ലൊരു ഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്.
അപൂര്‍വമായ നാലുതരം സില്‍ക്കുകള്‍ നിര്‍മ്മിക്കുന്ന രാജ്യമെന്ന പ്രത്യേകതയുമുണ്ട് ഇന്ത്യയ്ക്ക്. മള്‍ബറി, ട്രോപ്പിക്കല്‍ ടെസര്‍, ഓക് ടസര്‍, മുഗ എന്നിവ. ഇക്കൂട്ടത്തില്‍ സ്വര്‍ണവര്‍ണത്തില്‍ തിളങ്ങുന്ന മുഗ സില്‍ക്കിന് സവിശേഷത ഏറെയുണ്ട്. കര്‍ണാടക, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലാണ് മള്‍ബറി സില്‍ക് പ്രധാനമായും നിര്‍മ്മിക്കുന്നത്.
സെറികള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. കര്‍ഷകര്‍ക്ക് പണം കൊയ്യാവുന്ന കാര്‍ഷിക മേഖലയാണ് സെറികള്‍ച്ചര്‍.