പ്ലാവില്‍ എന്തെങ്കിലും വേണ്ടെന്നുവയ്ക്കാനുണ്ടോ? തടിയാണെങ്കില്‍ അടിപൊളി ‘പണിത്തരം’. വിറകായും ഉപയോഗിക്കാം. ആണ്ടിലൊരിക്കല്‍ വിളഞ്ഞു തുടുക്കുന്ന ചക്കയും കൈനിറയെ പണം തരും. ചക്കയ്ക്ക് കേരളത്തിന്റെ ഔദ്യോഗികഫലമെന്ന ഖ്യാതിയുമുണ്ടിപ്പോള്.
ചക്കവിഭവങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ തന്നെ കേരളത്തില്‍ ശാസ്ത്രീയമായി തുടങ്ങിയിരുന്നു. അതും വ്യാവസായികാടിസ്ഥാനത്തില്‍. ചക്കമഹോത്സവങ്ങളും ധാരാളം. ഇതിനുമപ്പുറം ചക്കയുടെ ഗുണവശങ്ങള്‍ ഒരുപാടുണ്ട്. ഇതിന്റെ പോഷക മൂല്യങ്ങള്‍ കുറച്ചൊന്നുമല്ല. ആവോളം കഴിക്കാം.
- മുഖചര്‍മ്മം മിനുസമാക്കാന്‍ ചക്കക്കുരു നല്ലതാണ്. പാലും തേനും ചേര്‍ന്ന മിശ്രിതത്തില്‍ ചക്കക്കുരു കുതിര്‍ത്ത് അരച്ച് മുഖത്തു പുരട്ടുക.
- പ്രോട്ടീനുകളുടെ കലവറയാണ് ചക്കക്കുരു. കറികളില്‍ ധാരാളമായി ഉപയോഗിക്കാം. ധാന്യങ്ങള്‍ ചേര്‍ക്കുന്നതിനു പകരം ചക്കക്കുരു മതി.
- രക്തചംക്രമണത്തിനും ചക്രക്കുരു ഗുണകരം. അതകൊണ്ടു തന്നെ തലമുടി തഴച്ചു വളരും. ഇതില്‍ വൈറ്റമിന്‍ എ ധാരാളമുണ്ട്. ഇത് മുടിപൊട്ടിപ്പോകാതെ സംരക്ഷിക്കും, മുടിയിലെ വരള്‍ച്ച തടയും.
- ചക്കപ്പഴം മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധരാളമുള്ളതു കൊണ്ടാണിത്. ജലദോഷം, പനി, കഫക്കെട്ട് എന്നിവയെ പ്രതിരോധിക്കും.
- ഊര്‍ജശേഷി കൂട്ടാനും ചക്കപ്പഴം വേണ്ടുവോളം കഴിക്കുക. കാര്‍ബോ ഹൈഡ്രേറ്റും കലോറിയും അത്രയ്ക്കുണ്ട്. ഇതിലെ ഫ്രക്ടോസും സക്രോസു(പഞ്ചസാര)മാണ് ഊര്‍ജം പകരുന്നത്. കൊളസ്ട്രോള്‍ ഒട്ടുമില്ലാത്ത പഴമാണ് ചക്ക.
- കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് ചക്കയ്ക്ക്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് കാന്‍സറിനെ ചെറുക്കാന്‍ പര്യാപ്തമായത്. ശരീരകോശങ്ങളിലെ ഡിഎന്‍എയ്ക്ക് കേടു സംഭവിക്കുമ്പോഴാണ് കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകുന്നത്. ആന്റി ഓക്സിഡന്റുകള്‍ ഇതിനെ ചെറുക്കും.
- ചക്കയിലെ പൊട്ടാസിയത്തിന്റെ സാന്നിധ്യം ശരീരത്തിലെ സോഡിയത്തിന്റെ തോത് ക്രമീകരിച്ച് രക്തസമ്മര്‍ദ്ദം, മസ്തിഷ്ക്കാഘാതം, ഹൃദയാഘാതം എന്നിവയെ പ്രതിരോധിക്കും.
- കാഴ്ചശക്തിക്കും നല്ലതാണ് ചക്ക. കാഴ്ചശക്തി വര്‍ധിപ്പിച്ച് തിമിരം പോലുള്ള അസുഖങ്ങളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കും. കാഴ്ചയ്ക്ക് അനിവാര്യമായ വിറ്റമിന്‍ എ ചക്കയിലുണ്ട്. നിശാന്ധതയകറ്റും.
- ആസ്ത്മയുള്ളവര്‍ക്കും ആശ്രയിക്കാം ചക്കപ്പഴത്തെ. ശമനമുണ്ടാകും.
- കാല്‍സ്യം ധാരാളമുള്ളതിനാല്‍ എല്ലിനെ ബലപ്പെടുത്തും വിളര്‍ച്ചയകറ്റും.
- തൈറോയ്ഡ് പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ് ചക്ക. അള്‍സറിനും ഫലപ്രദമാണിത്.