മണല്‍ കലരാത്ത മണ്ണുണ്ടോ നിങ്ങളുടെ പുരയിടത്തില്‍? എന്നാല്‍ ഒന്നോ രണ്ടോ ഗ്രാമ്പു (കരയാമ്പു) തൈകള്‍ നടുക. സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്‍നിക്കാരനായ ഗ്രാമ്പു നട്ടാലത് വെറുതെയാവില്ല.
ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ കേരളത്തിലെത്തിയ ഗ്രാമ്പു, വിഭവങ്ങളില്‍ മാത്രമല്ല ഗുണമുറപ്പിക്കുന്നത്. ഗ്രാമ്പു എണ്ണയ്ക്കും വിപണിയില്‍ വന്‍ ഡിമാന്‍ഡ്. 100 മുതല്‍ 125 വര്‍ഷം വരെയാണ് ഗ്രാമ്പു മരങ്ങളുടെ ആയുസ്. അത്രയും കാലം വിളവെടുക്കാം. വിത്തുകള്‍ നട്ട് മുളപ്പിച്ചാണ് തൈകളുണ്ടാക്കേണ്ടത്. ഇതാണ് നടാന്‍ പറ്റിയ കാലം, ജൂണ്‍ -ജൂലൈ മാസങ്ങള്‍. ചെടികള്‍ തമ്മില്‍ 20 അടിയെങ്കിലും അകലം വേണം. ഇടവിളയായും പരീക്ഷിക്കാം.
ഗ്രാമ്പു മരത്തില്‍ നിന്ന് പഴുത്തു പാകമെത്തിയ മൂത്ത വിത്തുകളെടുത്ത് ശേഖരിക്കണം. വിത്തു മുളപ്പിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിത്തിനു പുറമേയുള്ള മാംസളമായ ഭാഗം വെള്ളത്തിലിട്ട് നന്നായി കഴുകിക്കളയുക. തണലില്‍ പോളിബാഗുകളില്‍ കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ ഒന്നര വര്‍ഷം കഴിഞ്ഞ് മാറ്റി നടാം. ഒന്നര അടി ആഴവും പൊക്കവും വീതിയുമുള്ള കുഴികളില്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവയുടെ മിശ്രിതം വളമായി നേരത്തേ തന്നെ പാകപ്പെടുത്തണം. ചെടികള്‍ തമ്മില്‍ 20 അടിയെങ്കിലും അകലം വേണം. ആദ്യത്തെ നാലു വര്‍ഷമെങ്കിലും നന്നായി നനയ്ക്കണം. അതുപോലെ ആദ്യ വര്‍ഷങ്ങളില്‍ വളപ്രയോഗത്തിലും ശ്രദ്ധിക്കണം. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും വളപ്രയോഗം വേണം.
ക്ഷമയോടെ കാത്തിരുന്ന് പരിപാലിച്ചാല്‍ അഞ്ചാമത്തെ വര്‍ഷം മുതല്‍ ഗ്രാമ്പു പൂവിട്ടു തുടങ്ങും. ഒരു മരത്തില്‍ നിന്ന് നാലോ അഞ്ചോ കിലോ പൂമൊട്ടുകള്‍ ലഭിക്കാം. ഗ്രാമ്പു മൊട്ടുകളാണ് ഉണക്കിയെടുക്കുന്നത്. മരച്ചില്ലകള്‍ കുലുക്കിയാണ് വിളവെടുപ്പ്. വിടരും മുമ്പേ മൊട്ടു പാകത്തില്‍ ശേഖരിച്ച് ഉണക്കണം. ഗ്രാമ്പുവിന്റെ അടിവശത്ത് പിങ്ക് നിറമാകുമ്പോള്‍ വിളവെടുക്കാം. കുമിള്‍ രോഗം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. നല്ലവെയിലില്‍ നാലോ അഞ്ചോ ദിവസം ഉണക്കിയെടുക്കുമ്പോഴേക്കും വിപണിയിലെത്തിക്കാന്‍ പാകമാകും.