കേട്ടറിവും നാട്ടറിവും പ്രയോഗിക്കുന്നതില്‍ ഇന്നും ബദ്ധശ്രദ്ധരാണ് ഇന്ത്യയിലെ ചില പ്രദേശിക സമൂഹങ്ങള്‍. പ്രകൃതിയോട് സമരസപ്പെട്ട്, പരിസ്ഥിതിക്ക് പോറലേല്‍ക്കാതെ, മണ്ണും വെള്ളവും ശാസ്ത്രീയമായി കാത്തുപോരുന്നവര്‍. ആധുനികതയ്‌ക്കൊപ്പം നീങ്ങുമ്പോഴും വേരുകള്‍ മറക്കാത്തവര്‍. ഇവരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ പലതുണ്ട്. ആദരവോടെ അതെല്ലാം കാണാം, പഠിക്കാം. അവരുടെ പരമ്പരാഗത അറിവുകള്‍ക്കു പിന്നിലെ ശാസ്ത്രീയതയെ ഏകീകരിച്ച് ആധുനിക വിജ്ഞാന സമ്പ്രദായത്തിലേക്ക് ചേര്‍ക്കാം. ഹിമാലയന്‍ ഗ്രാമങ്ങളില്‍, ഉത്തരപൂര്‍വേന്ത്യയില്‍, രാജസ്ഥാനില്‍ ഇങ്ങനെയുള്ള വിഭാഗങ്ങളെ കാണാം. കൗതുകകരമാണ് അവരുടെ ജീവിത പാഠങ്ങള്‍.
അരുണാചലിലെ അപാത്താനിസ്
അരുണാചലിലെ 26 ഗോത്രവര്‍ഗങ്ങളില്‍ ഒന്നാണ് അപാത്താനിസ്. കിഴക്കന്‍ ഹിമാലയത്തിലെ കമല, ഖേരു, പാനിയോര്‍ മലനിരകള്‍ക്കിടയിലെ പീഠഭൂമിയില്‍ വസിക്കുന്നവര്‍. സമുദ്രനിരപ്പില്‍ നിന്ന് 5,000 അടി ഉയരത്തിലുള്ള പീഠഭൂമി.
തട്ടു കൃഷിയിടങ്ങള്‍ നനയ്ക്കാന്‍ ഇവര്‍ സ്വീകരിക്കുന്നൊരു മാര്‍ഗമുണ്ട്. കാടിനു പുറത്തേക്കൊഴുകുന്ന കേലെ നദിയിലെ വെള്ളം സംഭരിച്ച് കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടും. മരപ്പാത്തികള്‍ നിയന്ത്രിക്കുന്ന കൊച്ചു കൊച്ചു നീര്‍ച്ചാലുകളിലൂടെയാണിത്. നനയ്‌ക്കേണ്ടിടത്തേക്ക് മാത്രം മരപ്പാത്തികവാടങ്ങള്‍ തുറക്കും. വെള്ളം കടത്തിവിടാന്‍ ദ്വാരമുള്ള മുളന്തണ്ടുകളാണ് ഉപയോഗിക്കുക. ചെറിയ അരുവികളില്‍ നിന്നുള്ള വെള്ളം കുളങ്ങളില്‍ ശേഖരിച്ച് അതും കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടും.
നെല്‍വയലുകളിലെ വരമ്പുകളില്‍ ചോളം കൃഷി ചെയ്യും. അതോടൊപ്പം പ്രത്യേക ഇടമൊരുക്കി മത്സ്യകൃഷിയും കാണും. ഒരു വയലിലില്‍ നിന്ന് മറ്റൊന്നിലേക്ക് മുളന്തണ്ടിലൂടെ വെള്ളമൊഴുകുമ്പോള്‍ മത്സ്യം ചാടിപ്പോകാതിരിക്കാന്‍ മുളം കുഴലുകളില്‍ വലപോലൊരു സംവിധാനമുണ്ടാകും. ഇവര്‍ ഉപ്പുണ്ടാക്കുന്നതും രസകരമാണ്. മൂന്നു തരം പുല്ലുകള്‍ കത്തിച്ചാണ് ഉപ്പുണ്ടാക്കുന്നത്. താപ്പിയോ എന്നാണ് ഈ ചെടികള്‍ക്ക് പൊതുവെ പറയുന്നത്. പൊട്ടാസിയവും അയഡിനും ധാരാളമായുണ്ട് ഈ ഉപ്പില്‍. തൊട്ടടുത്തുള്ള കാടും ഭംഗിയായി അപാത്താനികള്‍ പരിപാലിക്കുന്നു.
വനനശീകണത്തിന് കാരണമാകുന്ന ‘ഷിഫ്റ്റിങ്’ സമ്പ്രദായമായിരുന്നു കൃഷിയില്‍ അരുണാചലിലെ ഭൂരിഭാഗം കര്‍ഷകരും സ്വീകരിച്ചിരുന്നത്. വനം വെളുപ്പിച്ച് അവിടെ കൃഷിയിറക്കി ഒന്നോ രണ്ടോ വിളവെടുപ്പ് കഴിയുമ്പോള്‍ അവിടം വിട്ട് വേറെ കൃഷിയിടം തിരയുന്നതാണ് ഈ സമ്പ്രദായം. ഹിന്ദിയില്‍ ഇതിന് ‘ജൂം’ എന്നാണ് പറയുക. എന്നാല്‍, ജനസാന്ദ്രത കൂടിയതോടെ അപാത്താനികള്‍ ഈയൊരു കീഴ്‌വഴക്കം അവസാനിപ്പിച്ച് ‘സെറ്റിള്‍ഡ്’ കൃഷിയിലേക്കിറങ്ങി. ആണ്ടോടാണ്ട് ഒരേയിടത്ത് വിളയിറക്കുന്നതാണ് ഈ രീതി. ഹരിതവിപ്ലവം കഴിഞ്ഞിട്ടും വിളസമൃദ്ധിക്ക് മണ്ണില്‍ ഒരു തരിപോലും രാസവളമോ കീടനാശിനികളോ ചേര്‍ക്കാന്‍ ഇവര്‍ അനുവദിക്കാറില്ല.
രാജസ്ഥാനിലെ ബൈഷ്‌ണോയ്
പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാകുന്നതിന്റെ പരിച്ഛേദമാണ് രാജസ്ഥാനിലെ ബൈഷ്‌ണോയ് സമൂഹം. 29 തത്വങ്ങളിലധിഷ്ഠിതമാണ് അവരുടെ ജീവിതചര്യ. മരംമുറിക്കാന്‍ ഒരുക്കിലുമവര്‍ അനുവദിക്കില്ല. വൃക്ഷത്തോപ്പുകള്‍ ഏറെ ശ്രദ്ധയോടെ സംരക്ഷിക്കുന്നു. കൃഷ്ണമൃഗങ്ങള്‍ ഓടിക്കളിക്കുന്ന വീട്ടു മുറ്റങ്ങളിവിടെ കാണാം. ‘ഒരാന്‍സ്’ എന്നറിയപ്പെടുന്ന ചെറുവനങ്ങളിലാണ് ബൈഷ്‌ണോയ്കള്‍ കാലികളെ മേയ്ക്കുന്നത്. നമ്മുടെ കാവുകളുടെ നേര്‍ക്കാഴ്ചയാണ് ഈ ചെറുവനങ്ങള്‍. പക്ഷികള്‍ക്കുള്ളതും ആവോളം അവിടെയുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തുന്നു.
ഒരു തുള്ളിവെള്ളം പോലും അമൂല്യമായി കാണുന്ന താര്‍ മരുഭൂമിയില്‍ മഴവെള്ളത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ തടഞ്ഞു നിര്‍ത്തുന്നത് ഒരാന്‍സാണ്. ഈ കാവുകളില്‍ ആരാധിക്കപ്പെടുന്ന മരമാണ് ഖെജാരി. പ്രകൃതിജന്യമായ ഒട്ടേറെ സവിശേഷതകളുണ്ടിതിന്. കൃഷിയിടം നിരപ്പാക്കാനാണെങ്കില്‍ പോലും ഖെജാരി അവര്‍ വെട്ടിമുറിക്കില്ല. മണ്ണില്‍ നൈട്രജന്റെ അംശം ധാരാളം പകര്‍ന്നു നല്‍കുന്ന വൃക്ഷമാണിത്. ക്ഷാമവും വരള്‍ച്ചയുമുള്ള കാലങ്ങളില്‍ ധാന്യപ്പൊടികള്‍ക്കൊപ്പം ഈ മരത്തിന്റെ തൊലിയും ചേര്‍ത്ത് ഭക്ഷണമുണ്ടാക്കക. ബൈഷ്‌ണോയ്കള്‍ ആരാധിക്കുന്ന മറ്റൊരു മരമാണ് ‘ടജാര്‍’. അമിത ലവണാംശമാണ് ഇതിന്റെ പ്രത്യേകത.
ത്രിപുരയിലെ ജമാത്തിയകള്‍
ത്രിപുരയിലെ 19 പ്രബല ഗോത്രവിഭാഗങ്ങളില്‍ മൂന്നാമതാണ് ജമാത്തിയ. ഗ്രാമത്തിനു ചുറ്റുമുള്ള കാടിനെ കാക്കുന്നതില്‍ ഇവരും വീഴ്ച വരുത്താറില്ല. അയല്‍ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തങ്ങളുടെ വനത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ഇവര്‍ അനുവദിക്കില്ല. തെക്കന്‍ ത്രിപുരയിലെ കില്ല ഗ്രാമത്തിലുള്ള ‘ആശാവന’മെന്ന പേരില്‍ അവര്‍ക്കു മാത്രമായൊരു വനമുണ്ട്. അതിലെ പ്രകൃതി വിഭവങ്ങള്‍ എടുക്കുന്നതിന് പ്രത്യേക നിയമാവലിയുണ്ട്. സ്ത്രീകളാണ് ഇതിന്റെ കാവല്‍ക്കാര്‍.
ഇതേ രീതിയില്‍ കാടു കാക്കുന്നവരാണ് മണിപ്പൂരിലെ മെയ്റ്റികളും മേഘാലയയിലെ ഖാസിസ് വിഭാഗവും. കാട് തങ്ങളുടെ പൂര്‍വപിതാക്കളുടെയും ദേവതകളുടെയും വാസസ്ഥലമായാണ് അവര്‍ കാണുന്നത്. അതുകൊണ്ടാവാം അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. നാഗാലാന്‍ഡിലുമുണ്ട് ആരാധിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ചില പ്രത്യേക മരങ്ങള്‍. അവിടെ ജൂം രീതിയില്‍ കൃഷി ചെയ്യുന്ന ചില ചില ഗോത്രവര്‍ഗക്കാര്‍ ആല്‍ദര്‍ മരം മാത്രം മുറിച്ചു മാറ്റാറില്ല. ഇതിന്റെ വേരുകളുടെ ഏകീകരണം അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിലേക്ക് ഉറപ്പിച്ചു നിര്‍ത്തുന്ന വിധത്തിലാണ്. മറ്റുവിളകള്‍ക്കൊപ്പം ആല്‍ദറും നട്ടു വളര്‍ത്താറുണ്ട്.