ചക്ക കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ചുള പറിച്ചെടുത്ത്, പഴുത്തതെങ്കില്‍ ഇരുന്ന ഇരിപ്പില്‍ പകുതിയും അകത്താക്കും. ചിലപ്പോള്‍ ഇത്തിരിയെടുത്ത് ചക്കവരട്ടിയുണ്ടാക്കും. പച്ചച്ചുളയെങ്കില്‍ ഒന്നുകില്‍ ഉപ്പേരി, അല്ലെങ്കില്‍ പുഴുക്ക്. ചക്കക്കുരുകൊണ്ട് ഒരു തോരന്‍. തീര്‍ന്നു. അതിലപ്പുറം മെനക്കെടാനൊന്നും വയ്യ. ചക്കയുടെ ചുളയും കുരുവും എടുത്തു കഴിഞ്ഞാല്‍, ബാക്കിയെല്ലാം ‘വേസ്റ്റ്…’
ഇതേ ചക്ക വയനാട് കല്‍പ്പറ്റയിലെ പത്മിനി ശിവദാസിന്റെ കൈയിലെത്തിയാലോ? പിന്നെ ചക്കയുടെ ‘പെരുങ്കളിയാട്ട’മാണ്. ചക്കയുടെ മുള്ള്, ചുള, ചവിണി, കൂഞ്ഞില്‍, ചക്കക്കുരു, അതിനു പുറത്തെ വെളുത്ത പാട ഇതൊന്നു പോലും കളയാതെ പത്മിനിയൊരുക്കുന്ന വിഭവങ്ങള്‍ 750! ‘ കളയാന്‍ കൂഞ്ഞിലു പോലും കാണില്ല. എന്നു വച്ചാല്‍ ‘സീറോ വേസ്റ്റ്…’
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയാണ് പത്മിനി. ഇരുപതു വര്‍ഷത്തിലേറെയായി ചക്കവിഭവങ്ങളുടെ പരീക്ഷണങ്ങള്‍ തുടരുന്നു. പഴവര്‍ഗ സംസ്‌ക്കരണത്തില്‍ ഇരുനൂറിലേറെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് പത്മിനി പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാമ്പത്തിക സ്രോതസ്, പദ്ധതി ആസൂത്രണം, പരിശീലനം, ഉത്പന്നങ്ങളുടെ വിപണി കണ്ടെത്തല്‍ തുടങ്ങി ഓരോ ചുവടുവയ്പ്പിലും നല്ലൊരു മോട്ടിവേറ്റര്‍ കൂടിയാണ് പത്മിനി.
ചക്ക തിന്നാന്‍
പ്ലാവിന്റെ ‘മണ്ട’യില്‍
എവിടെ ചെന്നാലും ചക്ക കണ്ടാല്‍ കണ്ണിലുടക്കും. കുഞ്ഞു നാളിലേയുള്ളതാണ് ചക്കക്കൊതി. വിവാഹ ശേഷമാണ് വെറുതേയിരിപ്പിന്റെ വിരസത മാറ്റാന്‍ ചക്കയെ മൂല്യവര്‍ധിത ഉത്പന്നമാക്കുന്ന ശ്രമങ്ങളിലേക്ക് മാറിയത്.
വീടിനോട് ചേര്‍ന്ന് ഒരു ഹോംസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയായിരുന്നു തുടക്കം. കുറച്ചു കാലം കഴിഞ്ഞ് വീണ്ടും ജോലിക്കു പോയിത്തുടങ്ങി. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് സെന്ററില്‍ റിസോഴ്‌സ്‌പേഴ്‌സണായിരുന്നു. അത് ഈയൊരു മേഖലയിലേക്കുള്ള വഴിത്തിരിവായി. അവിടെ നിന്ന് പല സ്ഥലങ്ങളിലും ഫുഡ് പ്രോസസിങ്ങിന്റെ ട്രെയിനിങിന് പോകുമായിരുന്നു. ആ യാത്രയിലൊക്കെ, വഴിയോരത്ത് ചക്കയും മാങ്ങയുമെല്ലാം വെറുതെ പഴുത്ത് വീണ് നശിച്ചു പോകുന്നത് ശ്രദ്ധയില്‍പെടും. നമ്മുടെ നാടിന് എന്തു മാത്രം സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. തൊഴിലില്ലാതെ വിഷമിക്കുന്ന എത്രയെത്ര ആളുകളുണ്ട്. ഈ ചക്കയും മാങ്ങയുമൊക്കെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മാറ്റാമെന്ന ചിന്ത വന്നത് അങ്ങനെയാണ്.
വിപണിയിലേക്കിറങ്ങിയ
ചക്ക വിഭവങ്ങള്‍
ചക്ക കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഓരോന്നായി പരീക്ഷിച്ചു. വിജയിച്ചപ്പോള്‍ ചക്ക മഹോത്സവങ്ങള്‍ നടത്താന്‍ തുടങ്ങി. അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ നടത്തിയ ചക്ക മഹോത്സവത്തില്‍ 2000 പേര്‍ക്ക് ചക്കവിഭവങ്ങളുടെ സദ്യ നടത്തി. ആയിടയ്ക്കാണ് തിരുവനന്തപുരം ശാന്തിഗ്രാമില്‍ ചക്ക പ്രോസസിങ്ങില്‍ പരിശീലനം നല്‍കാന്‍ വിളിച്ചത്.
ചക്കയെക്കുറിച്ച് ഇത്രയും പാചകവിധികള്‍ അറിയാമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ സംഘാടകര്‍ക്ക് തോന്നിയ ആശയമാണ് ചക്ക ഉത്പന്നങ്ങളുടെ പുസ്തകം തയ്യാറാക്കല്‍. 101 ചക്ക വിഭങ്ങളെക്കുറിച്ച് പത്മിനി തയ്യാറാക്കിയ ആദ്യ പുസ്തകം ഇറങ്ങുന്നത് അങ്ങനെയാണ്. വൈകാതെ 102 ചക്ക വിഭവങ്ങളോടെ രണ്ടാം പതിപ്പും 103 വിഭങ്ങളും ചക്കയുടെ ഔഷധ ഗുണങ്ങള്‍ ഉള്‍പ്പെടുത്തിയ മൂന്നാം പതിപ്പും ഇറങ്ങി.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ചക്ക വളരെ വിശേഷപ്പെട്ടതാണ്. ഇപ്പോള്‍ പരീക്ഷിച്ചറിഞ്ഞതും അല്ലാതെയുമായി 750 തരം ചക്ക വിഭവങ്ങള്‍ തയാറാക്കാനറിയാം. കേക്ക്, കട്‌ലറ്റ്, കബാബ്, ബിരിയാണി, ഫ്രൈഡ്‌റൈസ് അങ്ങനെ പലതും.
ചക്ക ‘സീറോ വേസ്റ്റ്…’
പുസ്തകങ്ങള്‍ പുറത്തിറങ്ങിയതോടെ ധാരാളം പേര്‍ വിളിക്കാന്‍ തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ പരിശീലകയായി. ചക്ക മാത്രമല്ല, മറ്റു പഴങ്ങളുടെ സംസ്‌ക്കരണത്തിലും.
ഓരോ ഗ്രൂപ്പിനും പത്തിരുപത് ദിവസത്തെ പ്രാക്ടിക്കല്‍ ട്രെയിനിങ് കൊടുക്കാറുണ്ട്. സ്വകാര്യ സംരംഭകര്‍ക്കും പരിശീലനം നല്‍കുന്നു. അവരില്‍ ഭൂരിഭാഗത്തെയും നല്ല സംരംഭകരാക്കാനും കഴിഞ്ഞു. ഗോവ, വിശാഖപട്ടണം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെല്ലാം ട്രെയിനറായി പോയി. രണ്ട് അവാര്‍ഡുകളും ലഭിച്ചു. 2018ല്‍ ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ആയിരുന്നു ആദ്യത്തേത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രചാരത്തിനുള്ള ശ്രമങ്ങള്‍ക്ക് കൃഷി വകുപ്പ് നല്‍കിയ അംഗീകാരം. രണ്ടാമത്തേത് ചക്കയുടെ ശ്രേഷ്ഠ പരിശീലകയ്ക്ക് നബാര്‍ഡ്, എസ്എഫ്എസി, ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി നല്‍കിയത്.
സീസണലല്ലാത്ത ചക്കപ്പഴം
ചക്കയ്ക്ക് ഇപ്പോള്‍ പ്രത്യേക സീസണില്ല. 12 മാസവും ചക്ക കിട്ടും. 10 മാസം തുടര്‍ച്ചയായി ചക്ക വിളയുന്ന സ്ഥലമാണ് ഇടുക്കി. ആവശ്യത്തിനനസുസരിച്ച് കാലഭേദമില്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് ചക്ക കേരളത്തിലെത്തും. പച്ചച്ചക്ക ജലാംശം വറ്റിച്ച് പ്രോസസ് ചെയ്താണ് വര്‍ഷം മുഴുവന്‍ സൂക്ഷിക്കുന്നത്. ചക്കപ്പൊടി കൊണ്ട് നൂറിലേറെ ബേക്കറി ഐറ്റങ്ങളുണ്ടാക്കാനാവും. പള്‍പ്പിനും നല്ല ഡിമാന്റുണ്ട്.
സംരംഭകയല്ല; പരിശീലകയാണ്
പരിശീലകയാണെങ്കിലും പത്മിനിക്ക് സ്വന്തമായി ഒരു സംരംഭമില്ല. സാമ്പത്തിക നേട്ടവുമല്ല ലക്ഷ്യം. കഴിവുറ്റ സംരംഭകരെ പാകപ്പെടുത്താന്‍ ആകാവുന്നതെല്ലാം ചെയ്യും. പരിശീലനം കഴിഞ്ഞു പോയാലും പ്രാവര്‍ത്തികമാക്കിയോ എന്നറിയാന്‍ അവരുമായി സംസാരിക്കാറുണ്ട്. ബിസിനസുകാരനായ ശിവദാസനാണ് പത്മിനിയുടെ ഭര്‍ത്താവ്. മക്കള്‍: അഭിജിത,് അക്ഷയ.