നല്ലതു മാത്രമേ നാളികേരത്തിലുള്ളൂ. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ് നാളികേരം. ഹൃദയത്തില്‍ ബ്ലോക്കിന് കാരണമാകും, കൊളസ്‌ട്രോള്‍ കൂട്ടും തുടങ്ങിയ പേടിപ്പെടുത്തലുകള്‍ ഉയര്‍ന്നതോടെ വിപണിയില്‍ ഒരുകാലത്ത് പ്രതാപം നഷ്ടപ്പെട്ടിരുന്ന നാളികേരം പഴയതിലേറെ അംഗീകാരത്തോടെയാണ് തിരിച്ചെത്തിയത്. അത്രയേറെയുണ്ട് അതിലെ പോഷകഗുണങ്ങള്‍. അരച്ചും ചിരകിയിട്ടും വെളിച്ചെണ്ണയൊഴിച്ചും നാളികേരം പാചകത്തിന്റെ അവിഭാജ്യ ഘടകമായി തന്നെ ഇരിക്കട്ടെ. സ്വാദോടെ ആസ്വദിച്ച് കഴിച്ചോളൂ. ഒന്നും അമിതമാവരുതെന്നു മാത്രം. അതു പിന്നെ അമൃതായായലും വിഷമല്ലേ! ഇനി, നാളികേരത്തിന്റെ ആരോഗ്യദായകമായ സവിശേഷ ഗുണങ്ങളെന്തെന്ന് അറിയാം:
- പ്രതിരോധ ശേഷി കൂട്ടി ശരീരത്തെ സംരക്ഷിക്കുന്നു. ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കും.
- ഊര്‍ജദായിനിയാണ് നാളികേര വെള്ളം. ചര്‍മം മൃദുവാക്കാന്‍ (പ്രത്യേകിച്ചും മുഖചര്‍മം) നല്ലൊരു ‘സ്‌കിന്‍ ടോണിക്’ ആണിത്.
- ദഹനശേഷി വര്‍ധിപ്പിക്കും.
- പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് നല്ലതാണ്. ശരീരത്തില്‍ ഇന്‍സുലിന്‍ സ്രവം കൂട്ടും.
- അകാല വാര്‍ധക്യത്തിനു കാരണമാകുന്ന ഘടകങ്ങളെ ശരീരത്തില്‍ നിന്നകറ്റും.
- ഹൃദയത്തിന് നാളികേരം നല്ലതല്ലെന്ന പ്രചാരണങ്ങള്‍ തെറ്റാണ്. അത് നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കും. ഹൃദയത്തെ സംരക്ഷിക്കും.
- തൈറോയ്ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
- മൂത്രാശയത്തിലെ അണുബാധ തടയും. വൃക്ക സംബന്ധമായ അസുഖങ്ങളും അകറ്റും.
- അമിതവണ്ണം കുറയ്ക്കും.
- തലമുടിയുടെ വളര്‍ച്ചയ്ക്ക് വെളിച്ചെണ്ണ അങ്ങേയറ്റം ഗുണകരമാണ്. ചുളിവുകളകറ്റി ചര്‍മ്മത്തെ സുന്ദരമാക്കും.