വയനാടന്‍ ചുരം കയറി ഗുണ്ടല്‍പേട്ടുവഴി മൈസൂരുവിലേക്കോ, ബെംഗളൂരുവിലേക്കോ പോകുമ്പോള്‍ കണ്ണിലുടക്കുന്നൊരു സുന്ദരന്‍ കാഴ്ചയുണ്ട്. ഗുണ്ടല്‍പേട്ടിന്റെ ചെണ്ടുമല്ലി പാടങ്ങള്‍… റോഡിന് ഇരുവശത്തുമായി കടലുപോലെ കണ്ണെത്താദൂരത്തോളം നീളുന്ന ചാരുത.
ഓണമടുത്താല്‍ അവയെല്ലാം ചുരമിറങ്ങി ഇങ്ങോട്ടു പോരും… പൂക്കളം നിറയ്ക്കാന്‍.
പറഞ്ഞുവരുന്നത് ഗുണ്ടല്‍പേട്ടിന്റെ വര്‍ണനയല്ല. അത്തപ്പൂക്കളത്തിനായാലും അലങ്കാരത്തിനായാലും നമുക്ക് ചെണ്ടുമല്ലി വേണം. അതിന് അയല്‍നാടുകളെ തന്നെ ആശ്രയിക്കണോ? ഏറെ പരിചരിക്കാതെ തന്നെ ചെണ്ടുമല്ലി വളര്‍ത്താവുന്നതേയുള്ളൂ. നല്ല വിളവു കിട്ടും. വെറുതേ കിടക്കുന്ന എത്രയോ സ്ഥലങ്ങളുണ്ട് നമുക്കും. വരുമാനമില്ലാതെ നട്ടംതിരിയുന്നവര്‍ അതിലേറെ. എന്നാല്‍ പിന്നെ നട്ടുണ്ടാക്കുന്നതല്ലേ നല്ലത്?
മുറ്റത്ത് ഇത്തിരി സ്ഥലം
വീട്ടുമുറ്റത്ത് വിത്തു പാകിയാല്‍ തന്നെ പൂക്കളത്തിലേക്കുള്ളത് കിട്ടും. അത്യാവശ്യം വിറ്റു കാശാക്കാനുള്ളതും. ചെട്ടി, ചെണ്ടുമല്ലി, ജമന്തി എന്നിങ്ങനെ പല നാട്ടില്‍ പല പേരുള്ള ഈ സുന്ദരി നമ്മുടെ വീട്ടുമുറ്റത്ത് സാധാരണക്കാരിയാണ്. ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ നിറഞ്ഞു പൂക്കുന്ന ചെണ്ടുമല്ലി വെള്ള, പര്‍പ്പിള്‍ നിറങ്ങളിലും ലഭ്യമാണ്. ഇതിന് സീസണൊന്നുമില്ല, എക്കാലത്തും പൂവിടും.
വെള്ളക്കെട്ടു പാടില്ല
നീര്‍വാര്‍ച്ചയുള്ള, വളക്കൂറുള്ള പശിമരാശി മണ്ണ് ചെട്ടിപ്പൂ വളരാന്‍ നല്ലതാണ്. വിത്തുപാകി ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്ന് പൂക്കളാകും ചെണ്ടുമല്ലി. മെയ്, ജൂണ്‍ മാസങ്ങളാണ് വിത്തുപാകാന്‍ പറ്റിയ കാലം. മുളപൊട്ടി ഒരു മാസം കഴിഞ്ഞ് മാറ്റി നടാം. ചേര്‍ത്തുവച്ച് നടരുത്. എപ്പോഴും നനയ്ക്കുന്നത് ചെട്ടിപ്പൂവിന് നല്ലതല്ല. കടയ്ക്കന്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. തൈകള്‍ വളര്‍ന്ന് നാല്‍പ്പതു ദിവസമാകുമ്പോഴേക്കും പൂക്കളുണ്ടാകും.
ഉപജീവനമാക്കാം
ചെണ്ടുമല്ലി വാണിജ്യാടിസ്ഥാനത്തില്‍ വളരെ ലാഭകരമായി കൃഷി ചെയ്യാവുന്നതാണ്. നല്ലൊരു ആദായമാര്‍ഗമാണിത്. ആഫ്രിക്കന്‍, ഫ്രഞ്ച്, മെക്‌സിക്കന്‍ വകഭേദങ്ങളാണ് നമ്മള്‍ കാണുന്ന ചെണ്ടുമല്ലികളില്‍ ഏറെയും.
ഒരു സെന്റ് മണ്ണില്‍ പാകാന്‍ രണ്ടോ-മൂന്നോ ഗ്രാം വിത്തു മതി. ഗ്രോബാഗുകളിലോ മറ്റോ പാകി മുളപ്പിച്ച ശേഷം നാലാഴ്ച കഴിയുമ്പോള്‍ തൈകള്‍ മാറ്റി നടാം. മഴക്കാലത്ത് നടുമ്പോള്‍ വാരം കോരി വേണം നടാന്‍. അല്ലാത്തപ്പോള്‍ ചാലുകളില്‍ നടാം. വാരങ്ങള്‍ തമ്മില്‍ 60 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 40 സെ.മീറ്ററും അകലമുണ്ടാവണം. ഒരു സെന്റിന് 80 കിലോ എന്ന കണക്കില്‍ ജൈവവളം അടിവളമായി ചേര്‍ക്കുന്നത് നല്ലത്. നട്ട് മൂന്നാഴ്ച കഴിയുമ്പോള്‍ ചെടികളുടെ അഗ്രം നുള്ളിക്കഴഞ്ഞാല്‍ ധാരാളം ശാഖകളുണ്ടാവും. അതിനൊത്ത് പൂക്കളും കൂടും.
ഒരു ചെടി ഒരു കിലോ പൂവ്
കീടബാധയോ ഫംഗസ് ബാധയോ ഇല്ലാതിരിക്കാന്‍ കുമിള്‍നാശിനി അല്ലെങ്കില്‍ കീടനാശിനി ചേര്‍ന്ന മിശ്രിതം തളിക്കാം. ഒരു ചെടിയില്‍ നിന്ന് ആറോ ഏഴോ തവണ വിളവെടുക്കാം.
അപ്പോഴിനി വെറുതെയിരിക്കേണ്ട. ഭൂമി വെറുതേ കളയേണ്ട. തിങ്ങിനിറഞ്ഞ് ചെണ്ടുമല്ലികള്‍ വിരിയട്ടെ.