ഇഡ്ഡലി, ദോശ, നല്ല ചൂടുള്ള ചോറ്, അതല്ലെങ്കില്‍ ആവിപറക്കുന്ന കഞ്ഞി ഇവയ്‌ക്കൊപ്പം ആസ്വദിച്ചു കൂട്ടാന്‍ അതികേമമാണ് വേപ്പിലക്കട്ടി (കറിവേപ്പില ചമ്മന്തിപ്പൊടി). ആഴ്ചകളോളം കേടുവരാതെ സൂക്ഷിക്കാവുന്ന നല്ലൊരു വിഭവം. നാടും വീടും വിട്ട് തൊഴിലിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് അമ്മമാര്‍ ‘കൈപുണ്യവും കരുതലും’ ചേര്‍ത്ത് തയാറാക്കി നല്‍കുന്ന കരുകരുപ്പന്‍ വേപ്പിലക്കട്ടിക്ക് അസാധ്യസ്വാദാണ്.
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ ഈ ചമ്മന്തിപ്പൊടി. പരമ്പരാഗത രീതിയില്‍ ഇത്തിരിനേരം മെനക്കെട്ട് ഉരുളിയിലിട്ട് മൊരിച്ച് തയാറാക്കിയാല്‍ സ്വാദും ഗുണവും കൂടും. കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പില ഇതിനായി ഉപയോഗിക്കാതിരിക്കുക. വീട്ടില്‍ ഇല്ലെങ്കില്‍ പരിചയക്കാരില്‍ നിന്ന് വാങ്ങാം. കറിവേപ്പിലയല്ലേ, ആരും തരാതിരിക്കില്ല. ഇല നല്ല ‘ഫ്രഷ്’ ആയിരിക്കുമ്പോള്‍ തന്നെ വേപ്പിലക്കട്ടി ഉണ്ടാക്കാനൊരുങ്ങാം. ആദ്യമായി ഇലകള്‍ കഴുകി നന്നായി ഈര്‍പ്പം കളഞ്ഞെടുക്കണം.
വേണ്ട ചേരുവകള്‍
കറിവേപ്പില: അഞ്ചുപിടി
തേങ്ങ ചിരികിയത്: ഏഴുപിടി
ഉണക്കമുളക് മുഴുവനോടെ: ഒന്നരപിടി
നാരകത്തിന്റെ ഇല: അഞ്ച്
പൊടിക്കാത്ത കുരുമുളക്: മുക്കാല്‍ ടേബിള്‍ സ്പൂണ്‍
പുളി, ഉപ്പ്, വെളിച്ചെണ്ണ: ആവശ്യാനുസരണം
അടി കട്ടിയുള്ള പരന്ന പാത്രമാണ് ചേരുവകള്‍ വറുത്തെടുക്കാന്‍ നല്ലത്. പാത്രത്തില്‍ കുരുമുളകും ഉണക്കമുളകും ഇട്ട് തീ കുറച്ച് വറുത്തു തുടങ്ങുക. അല്‍പ്പനേരം ഇളക്കിയ ശേഷം തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് അടിയില്‍ പിടിക്കാതെ വീണ്ടും ഇളക്കുക. അതിലേക്ക് നാരുകള്‍ കളഞ്ഞ നാരകത്തിന്റെ ഇലയും ചേര്‍ക്കണം. അതിനുശേഷം അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി മൊരിക്കുക. മുക്കാല്‍ ഭാഗം മൊരിയുമ്പോള്‍ വാളന്‍പുളിചേര്‍ത്ത് ഇളക്കണം. കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാകമായാല്‍ അടുപ്പില്‍ നിന്നിറക്കി ചേരുവകളെല്ലാം മറ്റൊരു പാത്രത്തിലേക്ക് പകര്‍ത്തി ചൂടാറാന്‍ വയ്ക്കുക. പാത്രത്തില്‍ വെള്ളത്തിന്റെ അംശം ഒട്ടുമുണ്ടാകരുത്. പിന്നീട് പാകത്തിന് ഉപ്പുചേര്‍ത്ത് മിക്‌സിയില്‍ തരുതരുപ്പായി പൊടിച്ചെടുക്കുക. വേപ്പലക്കട്ടി റെഡി! ചൂടുമാറിയ ശേഷം ഉണങ്ങിയ കുപ്പികളലാക്കി ഭദ്രമായി അടച്ച് സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.