ലങ്കന്‍ സുഗന്ധവുമായി ‘പോളോ അംബുല’

ശ്രീലങ്കയില്‍ പുണ്യവൃക്ഷമാണ് പ്ലാവ്. പ്ലാവുള്ളപ്പോള്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നാണ് അന്നാട്ടുകാരുടെ വിശ്വാസം. ചക്കകൊണ്ട് അവരുണ്ടാക്കാത്ത വിഭവങ്ങളില്ല. നമ്മുടെ നാട്ടിലേതു പോലെ എവിടെ നോക്കിയാലും കാണാം പ്ലാവ്. സീസണായാല്‍ പിന്നെ ചക്കയുടെ ‘അയ്യരു കളി’യാണ്.
ഇളംപ്രായത്തിലുള്ള ചക്കയ്ക്ക് സിംഹളഭാഷയില്‍ പോളോസ് എന്നാണു പറയുക. പനസം (പ്ലാവ്) എന്ന സംസ്‌കൃത പദത്തിന്റെ രൂപാന്തരമാവാം പോളോസ്. പോളോസു കൊണ്ട് അവരുണ്ടാക്കുന്ന കിടിലന്‍ കറിയാണ് പോളോസ് അംബുല. എന്നുവച്ചാല്‍ ഇടിച്ചക്കക്കറി. അസാധ്യ സ്വാദാണ് ഈ കറിക്ക്. ശ്രീലങ്കന്‍ സ്റ്റെലില്‍ അതൊന്ന് ഉണ്ടാക്കി നോക്കിയാലോ? അതിനു വേണ്ടത്
അധികം മൂപ്പെത്താത്ത ഇടത്തരം ചക്ക: ഒന്ന്
മുളകുപൊടി: രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
ശ്രീലങ്കന്‍ കറിപ്പൊടി: രണ്ട് ടേബിള്‍ സ്പൂണ്‍
മറ്റു ചേരുവകള്‍
സവാള: ഒന്ന്
ചുവന്ന ഉണക്കമുളക്: മൂന്ന്
പച്ചമുളക്: മൂന്ന്
വാളന്‍ പുളി: ഒരു നെല്ലിക്കാ വലിപ്പം
അല്ലെങ്കില്‍ കുടംപുളി: രണ്ടു കഷ്ണം
വെളുത്തുള്ളി: നാല് അല്ലി
കരുമുളക് ചതച്ചത്: ഒരു ടീസ്പൂണ്‍
പട്ട: ഒരു കഷ്ണം
ഏലക്ക: രണ്ട്
കരയാമ്പൂ: രണ്ട്
കടുക്: ഒരു ടീസ്പൂണ്‍
ഉലുവ: ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ കട്ടിയുള്ളത്: രണ്ട് കപ്പ്
ഉപ്പ്, പാചകയെണ്ണ, കറിവേപ്പില: ആവശ്യത്തിന്
പാചകം ഇങ്ങനെ
കറിപ്പൊടികള്‍ എല്ലാം ഒരുമിച്ച് ചേര്‍ത്ത് ചെറുതായൊന്നു ചൂടാക്കി വയ്ക്കുക. അര ടീസ്പൂണ്‍ കടുക് പൊടിച്ചു മാറ്റി വയ്ക്കുക. ചക്ക തൊലി കളഞ്ഞ് ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് കഴുകിയെടുക്കണം. തീരെ ചെറിയ കഷ്ണങ്ങളാവരുത്. അതിലേക്ക് മസാലപ്പൊടികള്‍ കുഴച്ചു ചേര്‍ക്കണം.
ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച്, അതിലേക്ക് സവാള അരിഞ്ഞത്, ഉണക്കമുളക് പൊട്ടിച്ചത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. പിന്നീട് പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവയിട്ട് ഇളക്കുക.
സാവള നന്നായി വഴന്നു കഴിഞ്ഞാല്‍, അതിലേക്ക് ചക്കക്കഷ്ണങ്ങളും ചതച്ച കുരുമുളകും ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കണം. അഞ്ചു മിനിറ്റിനു ശേഷം ഒരു കപ്പ് വെള്ളവും പുളിപിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ അരമണിക്കൂര്‍ വേവിക്കുക. ചാറ് ചക്കക്കഷ്ണങ്ങളില്‍ പുരണ്ടിരിക്കുന്ന പരുവത്തില്‍ പൊടിച്ചു വച്ച കടുക് വിതറി ഇളക്കിയശേഷം ഇറക്കിവയ്ക്കുക. ചേറിനൊപ്പം കഴിക്കാന്‍ ഗംഭീരമാണ് ഈ കറി. മണ്‍ചട്ടിയില്‍ ഉണ്ടാക്കുന്നതാണ് നല്ലത്. ഇറക്കി വച്ചശേഷം ഒരു രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം ഉപയോഗിച്ചാല്‍ സ്വാദു കൂടും. ചക്കക്കഷ്ണങ്ങള്‍ നന്നായി വേവിച്ചെടുത്ത ശേഷം കറിയുണ്ടാക്കാം. പക്ഷേ വേവിച്ച വെള്ളം, കളയാതെ കറിക്കൂട്ടിലേക്ക് ഒഴിക്കണം.
ശ്രീലങ്കന്‍ കറിപ്പൊടി തയ്യാറാക്കാം
മിക്കവാറും കറികളിലെല്ലാം ശ്രീലങ്കക്കാര്‍ അവരുടെ തനത് കറിക്കൂട്ട് ഉപയോഗിക്കും. പ്രത്യേകം പൊടിച്ച് സൂക്ഷിച്ചുവയ്ക്കുക പതിവാണ്. കാല്‍ക്കപ്പ്, മല്ലി, നല്ല ജീരകം മൂന്ന് ടേബിള്‍ സ്പൂണ്‍, കുരുമുളകും അരിയും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം, കടുകും പെരിഞ്ചീരകവും ഒരു ടേബിള്‍ സ്പൂണ്‍ വീതം, പട്ട രണ്ട് ഇഞ്ച് നീളത്തില്‍ ഒരു കഷ്ണം, കരയാമ്പൂ, ഏലക്ക പത്തെണ്ണം വീതം, ഉലുവ അര ടീസ്പൂണ്‍, കറിവേപ്പില രണ്ടു തണ്ട് എന്ന ക്രമത്തിലെടുത്ത് പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് ചേരുവകളിട്ട് ചെറുചൂടില്‍ വറുത്തു കോരി പൊടിച്ച്, തണുക്കുമ്പോള്‍ വായു കടക്കാത്ത പാത്രത്തില്‍ ഭദ്രമായി അടച്ച് സൂക്ഷിക്കുക.

LEAVE A REPLY


വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കൃഷിയിടം ന്യൂസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here