ചക്കബജി
ചക്കച്ചുള (വിളഞ്ഞത്): 10 എണ്ണം
കടലമാവ്: 50 ഗ്രാം
അരിപ്പൊടി: രണ്ടു ടീസ്പൂണ്‍
മുളകുപൊടി: മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍
കായപ്പൊടി: കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി: കാല്‍ ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
പാകം ചെയ്യുന്ന വിധം
കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പാകത്തില്‍ തയാറാക്കുക. ചൂടായ എണ്ണയില്‍ ഓരോ ചക്കച്ചുള വീതം മാവില്‍ മുക്കി വറുത്തെടുക്കുക.
ചക്കപ്പലഹാരം
പഴുത്ത ചക്ക: അര കിലോ (ശര്‍ക്കരയും നെയ്യും ചേര്‍ത്തു വരട്ടിയത്)
അരിപ്പൊടി: 250 ഗ്രാം
തേങ്ങ ചിരകിയത്: ഒരെണ്ണം
തേങ്ങ ചെറുതായി നുറുക്കിയത്: കാല്‍ മുറി
എടനയുടെ ഇല അല്ലെങ്കില്‍
വാഴയില: 20 എണ്ണം
പാകം ചെയ്യുന്ന വിധം
വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അല്‍പ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയില്‍ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയില്‍ വച്ച് വേവിച്ചെടുക്കുക.
ചക്കച്ചമ്മന്തി
ചക്ക (ഉണ്ടായി വരുന്ന പാകം): 2 എണ്ണം
തേങ്ങാമുറി: ഒന്ന്
കൊല്ലമുളക്: 10 എണ്ണം
ചെറിയ ഉള്ളി: അഞ്ച് അല്ലി
കറിവേപ്പില: ഒരു തണ്ട്
ഉഴുന്നുപരിപ്പ്: ഒരു സ്പൂണ്‍
വാളന്‍ പുളി: ഒരു കുഞ്ഞു നെല്ലിക്കയോളം
ഉപ്പ്: പാകത്തിന്
പാകം ചെയ്യുന്ന വിധം
ചക്ക കനലില്‍ ചുടുക. തേങ്ങ, മുളക്, ഉഴുന്ന്, ഉള്ളി, കറിവേപ്പില എല്ലാം കൂടി വറുത്തെടുത്ത് പുളിയും കൂട്ടി വെള്ളമില്ലാതെ ചമ്മന്തിപ്പരുവത്തില്‍ അരയ്ക്കുക. ഉപ്പ് പാകത്തിനു ചേര്‍ക്കുക.
ചക്കക്കുരുപ്പായസം
തൊലികളഞ്ഞ ചക്കക്കുരു വൃത്തിയാക്കി പുഴുങ്ങും. നല്ലവണ്ണം വെന്തു കഴിയുമ്പോള്‍ വെള്ളമില്ലാതെ നന്നായി ഉടച്ചെടുക്കും. നെയ്യ്, ശര്‍ക്കര എന്നിവ ചേര്‍ത്തു വഴറ്റും. പിന്നാലെ തേങ്ങാപ്പാലും കശുവണ്ടി, ഉണക്ക മുന്തിരിങ്ങ, ഏലയ്ക്ക എന്നിവ ചേര്‍ക്കമുമ്പോഴേക്കും പായസം റെഡി.
ചക്ക അച്ചാര്‍
ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വേവിച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് ജീരകം, കടുക്, മല്ലി, ചതച്ച പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ഇതിലേക്ക് വേവിച്ച ചക്ക ചേര്‍ക്കാം. മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് പാകം ചെയ്യാം. അടുപ്പില്‍ നിന്ന് എടുത്ത ശേഷം ചെറുനാരങ്ങ നീരും വിനാഗിരിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ചക്ക അച്ചാര്‍ തയ്യാര്‍.
ചക്കക്കുരു ഉക്കാര
ചക്കക്കുരു നല്ലതായി തൊലി കളഞ്ഞു മഞ്ഞള്‍പ്പൊടി ചേര്‍ത്തു വേവിച്ചു വെള്ളം വാര്‍ത്തു അരകല്ലില്‍ നല്ലതു പോലെ പൊടിച്ചെടുക്കണം. ശര്‍ക്കര പാവാക്കി, തേങ്ങാ തിരുമ്മിയിട്ട് ഉപ്പും ചക്കക്കുരു പൊടിച്ചതും ചേര്‍ക്കണം. തുടര്‍ന്നു നല്ലെണ്ണ ഒഴിച്ചു ചൂടാക്കി കശുവണ്ടി, ഏലയ്ക്കാ, പഞ്ചസാര എന്നിവ ചേര്‍ക്കുക.
ചകിണി തോരന്‍
ചക്കച്ചുളയുടെ പുറത്തുള്ള ഇതളുകളാണു ചകിണി. ചകിണി ചെറുതായി അരിഞ്ഞു തേങ്ങയും മറ്റും ചേര്‍ത്തു സാധാരണ പോലെ തോരന്‍ ഉണ്ടാക്കാം.
ചക്ക മടല്‍ മസാല ഫ്രൈ
ചക്ക മടല്‍ മുള്ളു കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയില്‍ അരിഞ്ഞെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചക്ക മടല്‍ ചേര്‍ക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആകുമ്പോള്‍ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും, മല്ലിയിലയും, ചെറുകഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്‍ത്ത് ഒന്നുകൂടി തിളച്ചതിനു ശേഷം വിളമ്പാം.