എലന്തപ്പഴം കണ്ടാല്‍ കൊതിയൂറുമെങ്കിലും സ്വാദില്‍ അത്ര കേമനല്ല. ആസ്ത്മ തടയാന്‍ നല്ലതത്രേ ഈ പഴം. മലബന്ധം ചെറുക്കും. മൂത്രത്തിലെ അണുബാധയ്ക്കും അള്‍സറിനും ഉത്തമം.
വെറുതെ കഴിക്കുന്നതിനപ്പുറത്തേക്ക് ഇതെന്തിനു കൊള്ളാം എന്നല്ലേ? ഇത്തിരി മധുരവും എരിവും കുറച്ച് മസാലക്കൂട്ടുകളും ചേര്‍ത്ത് ഉണങ്ങിയ എലന്തപ്പഴം കൊണ്ട് ഉത്തരേന്ത്യക്കാര്‍ അച്ചാറിടും. ഓര്‍ക്കുമ്പോഴേ കൊതിയൂറും. ബംഗാളികളുടെ കൈയൊപ്പാണ് ഈ അച്ചാറിന്. നമുക്കും പരീക്ഷിക്കാവുന്നതേയുള്ളു. സ്‌കൂള്‍ കാലത്തെ ആ പഴയ പുളിയച്ചാറിനോട് തൊട്ടുനില്‍ക്കുന്ന സ്വാദാണിതിന്. ഒന്നെടുത്തുകഴിച്ചു തീരും മുമ്പേ അടുത്തതിനു കൈ നീളും തീര്‍ച്ച! ഇത്തിരിയാക്കേണ്ട, കുറച്ചേറെയിരിക്കട്ടെ അച്ചാര്‍. ഭദ്രമായടച്ച് ഭരണയില്‍ സൂക്ഷിക്കാം. ഏറെനാള്‍ നില്‍ക്കും.
അച്ചാറിടാന്‍ എലന്തപ്പഴം ഉണക്കിയെടുക്കണം. ബംഗാളികളുണ്ടാക്കുന്ന ഒരു പ്രത്യേക മസാലക്കൂട്ടുണ്ട്, ഭാജാ ഗുഡോ മസാല. അച്ചാറിടും മുമ്പ് ഇതെല്ലാം തയാറാക്കണം.
വേണ്ടത് ഇതൊക്കെ
എലന്തപ്പഴം – ഒരു കിലോ
ശര്‍ക്കര – 700 ഗ്രാം
ഭാജാ ഗുഡോ മസാല – അഞ്ച് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പാചകയെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
വറുത്തിടാനുള്ള കൂട്ടുകള്‍: കരിഞ്ചീരകം, പെരുഞ്ചീരകം, നല്ലജീരകം, ഉലുവ, കടുക് എന്നിവ തുല്യ അളവിലെടുത്ത് കൂട്ടിയോജിപ്പിച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ചുവന്ന ഉണക്കമുളക് – നാല്
ഭാജാ ഗുഡോ മസാല തയാറാക്കാന്‍
കരിഞ്ചീരകം, പെരുഞ്ചീരകം, കടുക്, ഉലുവ, നല്ലജീരകം എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതമെടുത്ത് ചെറുതായി ചൂടാക്കി പൊടിച്ചെടുക്കണം.
എലന്തപ്പഴം ഉണക്കിയെടുക്കാന്‍
എലന്തപ്പഴം നന്നായി കഴുകി, തുടച്ചെടുത്ത് വെയിലില്‍ ഉണക്കണം. തൊലി ചുളുങ്ങുന്നതു വരെയേ ഉണക്കാവൂ. ജലാംശം പൂര്‍ണമായും വറ്റരുത്.
ഇനി അച്ചാറിടാം
സാമാന്യം വലിയൊരു പാനില്‍ എണ്ണ ചൂടാക്കണം (ബംഗാളികള്‍ പൊതുവെ കടുകെണ്ണയാണ് ഉപയോഗിക്കുക). അതിലേക്ക് ഉണക്ക മുളകും വറുത്തിടാനുള്ള ചേരുവകളുമിട്ട് പൊട്ടിക്കുക. എലന്തപ്പഴവും ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. അധികം വേവിക്കരുത്. മറ്റൊരു പാനില്‍ ശര്‍ക്കര ഉരുക്കി, മേലെ അടിയുന്ന അഴുക്ക് കളഞ്ഞ് അത് എലന്തപ്പഴക്കൂട്ടിലേക്ക് ചേര്‍ക്കണം. ചെറിയ ചൂടില്‍ ഇത് തിളപ്പിക്കണം. സിറപ്പിന്റെ പരുവത്തിലെത്തും വരെ വറ്റിക്കണം. എലന്തപ്പഴത്തിലേക്ക് അത് ഇറങ്ങിപ്പിടിക്കണം.
സിറപ്പ് വല്ലാതെ കട്ടിയായി തോന്നിയാല്‍ കാല്‍ കപ്പ് വെള്ളം ചേര്‍ക്കാം. വീണ്ടും ചൂടാക്കിയ ശേഷം ഇറക്കി, തണുക്കാന്‍ വയ്ക്കണം. പിന്നീട് ഭാജാ ഗുഡോ മസാല ചേര്‍ക്കാം. ഇത്തിരി മുളകുപൊടി കൂടി ചേര്‍ത്ത് ഇളക്കണം. നന്നായി തണുത്ത ശേഷം ഉണങ്ങിയ ഭരണിയില്‍ അടച്ചു സൂക്ഷിച്ച് ആവശ്യത്തിനെടുക്കാം. കുറുകിയിരിക്കുന്ന പരുവമാണ് നല്ലത്.