മീനും പച്ചക്കറികളും ഒരുമിച്ചെടുത്ത് ഊണിനു കൂട്ടാന്‍ വച്ചാല്‍ അത് ‘ചേര്‍ച്ചയില്ലായ്മയുടെ ചേര്‍ച്ചയല്ലേ?’ എങ്കിലും ചിലതിലൊക്കെ നമ്മള് ഒരു ‘വെജ്-നോണ്‍വെജ് മാഷ് അപ്’ നടത്താറുണ്ട്. ചീരയും പീരയും ചെമ്മീനും ചേര്‍ത്തൊരു തോരന്‍, ചീരയ്ക്കു പകരം മത്തയിലയിട്ട് ഇതേ പോലെ വേറൊന്ന്, ചക്കക്കുരുവും ഉണക്കച്ചെമ്മീനും തേങ്ങാക്കറി… അങ്ങനെ ചെമ്മീന്‍ ചേര്‍ത്താണ് ഈ കൂട്ടിക്കുഴയ്ക്കല്‍ ഏറെയും. പച്ചമാങ്ങാ മുരിങ്ങാക്കായ, ചെമ്മീന്‍ ഐക്യം സിന്ദാബാദ് എന്നൊരു ‘മുദ്രാവാക്യം’ തന്നെയുണ്ട്. നാട്ടുഭേദമനുസരിച്ച് പിന്നെയും കാണും ഇതുപോലെത്രയോ കൂട്ടാനും തോരനുമൊക്കെ.
പക്ഷേ പച്ചക്കറിയില്‍ മീനും കൂട്ടി കടുകെണ്ണയില്‍ വറുത്തെടുത്ത് ബംഗാളികളുണ്ടാക്കുന്ന ഒരുപാട് വിഭവങ്ങളുണ്ട്. അസാധ്യ സ്വാദാണ് എല്ലാത്തിനും. പക്ഷേ നമ്മള് ഉണ്ടാക്കുമ്പോള്‍ കടുകെണ്ണ ഒന്ന് മാറ്റിപ്പിടിച്ചേക്കണം. ചിലര്‍ക്ക് അതിന്റെ മണവും രുചിയും പിടിക്കില്ല. പകരം വെളിച്ചെണ്ണയെടുത്തോളൂ. കോവയ്ക്കയും പീച്ചിങ്ങയും വഴുതനയും ചേര്‍ത്തൊരു ബംഗാളി മീന്‍കറി ഒന്നു പരീക്ഷിക്കാം. രോഹു അല്ലെങ്കില്‍ അതുപോലെ ദശക്കട്ടിയുള്ള മീനാണ് ഈ കറിക്ക് വേണ്ടത്.
ചേരുവകള്‍
മീന്‍: നാലോ അഞ്ചോ വലിയ കഷ്ണങ്ങള്‍
കോവയ്ക്ക: അഞ്ച്
വഴുതിന (കത്തിരിക്ക): ഒന്ന്
പീച്ചിങ്ങ: ചെറുത് ഒന്ന്
പച്ച പപ്പായ: ഒന്ന് ഇടത്തരം
ഉരുളക്കിഴങ്ങ്: ഒന്ന്
നല്ലജീരകം പൊടിച്ചത്: രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി: രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി: ഒരു ടീസ്പൂണ്‍
പച്ചമുളക്: ഒന്ന്
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
പാചകം ഇങ്ങനെ
മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം വറുത്തെടുക്കുക. വറുക്കാന്‍ കടുകെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയോ മറ്റേതെങ്കിലും പാചക എണ്ണയോ ആവാം. വല്ലാതെ മൊരിഞ്ഞു പോവരുത്. പച്ചക്കറികള്‍ നീളത്തില്‍ അല്‍പ്പം വലുതായി അരിയണം. അവയില്‍ അല്‍പ്പം മഞ്ഞളും ഉപ്പും പുരട്ടി ചെറുതായൊന്ന് എണ്ണയില്‍ വാട്ടിയെടുക്കുക.
കുരുമുളകുപൊടിയില്‍ നിന്ന് ഒരു ടീസ്പൂണ്‍ മാറ്റിവയ്ക്കണം. അതിനുശേഷം ജീരകപ്പൊടി, മല്ലിപ്പൊടി, ശേഷിച്ച കുരുമുളകുപൊടി എന്നിവ ചേര്‍ത്തെടുത്ത് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. അത് വാട്ടിയെടുത്ത പച്ചക്കറികളില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ ഏഴു മിനിറ്റ് വേവിക്കണം. അതിനുശേഷം പച്ചമുളക് കീറിയിട്ട് വറുത്ത മീനും ചേര്‍ത്ത് രണ്ട്-മൂന്ന് മിനിറ്റ് വീണ്ടും വേവിക്കുക. അതിനുശേഷം കറി ഇറക്കിവച്ച് മാറ്റിവച്ച കുരുമുളകുപൊടി തൂവി ചൂടോടെ ചോറിനൊപ്പമോ ചപ്പാത്തിയോടൊപ്പമോ ഒഴിച്ചുകൂട്ടാം.