അയേണ്‍ സമ്പുഷ്ടമാണ് മുതിര. പതിവു പാചകങ്ങളില്‍ മുതിരയ്ക്ക് സ്ഥാനമില്ലെങ്കിലും ആരോഗ്യത്തിന് വളരെ ഗുണപ്രദം. ശരീരഭാരം കുറയ്ക്കാന്‍ മുതിര പതിവായി കഴിച്ചോളൂ, പ്രത്യേകിച്ച് സ്ത്രീകള്‍. ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം ചെറുക്കാന്‍ മുതിരകൊണ്ടുള്ള വിഭവങ്ങള്‍ക്ക് കഴിയും. രക്തക്കുറവ് മാറ്റാനും ഇതു മതി.
എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു മുതിരക്കറിയുടെ പാചകവിധി
മുതിര: ഒരു കപ്പ്
സവാള അരിഞ്ഞത്: ഒരു കപ്പ്
തക്കാളി അരിഞ്ഞത്: രണ്ടെണ്ണം
പച്ചമുളക്: ഒന്ന്
നല്ല ജീരകം: ഒരുനുള്ള്
ഇഞ്ചി അരിഞ്ഞത്: ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്: ഒരു ടേബിള്‍ സ്പൂണ്‍
പാചകയെണ്ണ: മൂന്ന് ടേബിള്‍ സ്പൂണ്‍
മുളകുപൊടി: ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിന്
വെള്ളം: രണ്ട് കപ്പ്
പാചകം ചെയ്യേണ്ടത് ഇങ്ങനെ
മുതിര ഒരു രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കുക. പിറ്റേന്ന് കഴുകിയെടുത്ത് നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഒരു ഫ്രയിങ് പാനില്‍ എണ്ണയൊഴിച്ച് ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റുക. പിന്നീട് പച്ചമുളക്, തക്കാളി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. അതുകഴിഞ്ഞ് മുതിര വേവിച്ചുടച്ചതിട്ട് വെള്ളമൊഴിച്ച ശേഷം അഞ്ചു മിനിറ്റ് വേവിക്കണം. മല്ലിയില ചേര്‍ത്ത് ഇളക്കുന്നതോടെ കറി തയാര്‍. ചൂടുചോറിനൊപ്പം കഴിച്ചു നോക്കൂ. സ്വാദ് അപാരം!