ചപ്പാത്തിയും പറാത്തയും പതിവു ‘ചടങ്ങുകളോടെ’ ഉണ്ടാക്കി കഴിക്കുന്നവര്‍ ഉലുവച്ചീരയും ഉരുളക്കിഴങ്ങുമിട്ട് ഇങ്ങനെയൊരു രൂപമാറ്റത്തോടെ പരീക്ഷിച്ചു നോക്കൂ.
വേണ്ടത് എന്തൊക്കെ
ഗോതമ്പു മാവ്: ഒരു കപ്പ്
വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്: ഒന്നേ കാല്‍ കപ്പ്
ഉലുവയില ചെറുതായി അരിഞ്ഞത്: ഒരു കപ്പ്
സവാള ചെറുതായി അരിഞ്ഞത്: അരക്കപ്പ്
ജീരകം: അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി: അര ടീസ്പൂണ്‍
മുളകുപൊടി: ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
ഗരം മസാല: ഒരു ടീസ്പൂണ്‍
ഉപ്പും പാചക എണ്ണയും: പാകത്തിന്
ഉലുവയില, ഉരുളക്കിഴങ്ങ് ഫില്ലിങ് ഉണ്ടാക്കുന്ന വിധം
പാന്‍ ചൂടാക്കി അല്‍പ്പം എണ്ണയൊഴിച്ച് ജീരകമിട്ട് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൊരിഞ്ഞു പോകാത്ത വിധം പച്ചമണം മാറും വരെ ഇളക്കിയ ശേഷം സവാള അരിഞ്ഞതിട്ട് നന്നായി വഴറ്റുക. അതുകഴിഞ്ഞ് തീ കുറച്ച് ഉലുവയില ചേര്‍ത്ത് രണ്ടു മിനിറ്റ് വഴറ്റണം. പിന്നീട് മസാലപ്പൊടികള്‍ ചേര്‍ക്കണം. അതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ചതു ചേത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കൂട്ടി യോജിപ്പിച്ച് രണ്ടു മിനിറ്റ് കൂടി ഇളക്കിയശേഷം തീ ഓഫാക്കുക. ഈ കൂട്ട്, എത്ര പറാത്തയാണോ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത് അത്രയും ഭാഗങ്ങളാക്കി മാറ്റുക.
ഇനി മേത്തി പറാത്ത ഉണ്ടാക്കാം
കുഴച്ചുവച്ച മാവില്‍ നിന്ന് ചെറിയ ഒരു ഉരുളയെടുത്ത് കൈയില്‍ വച്ചോ പലകയില്‍ വച്ചോ ചെറുതായൊന്ന് പരത്തി അതില്‍ ഫില്ലിങ് വയ്ക്കണം. മുമ്പെടുത്ത അതേ വലിപ്പത്തില്‍ ഒരു ഉരുള മാവു കൂടിയെടുത്ത് ഫില്ലിങ്ങിനു മീതെ വച്ച് മൂടി, പരത്തിയെടുത്ത മാവിന്റെ രണ്ടറ്റവും നന്നായി യോജിപ്പിച്ച് ചപ്പാത്തി പരത്തും പോലെ പരത്തിയെടുത്ത് എണ്ണയോ നെയ്യോ തവിയില്‍ അല്‍പ്പം ഒഴിച്ച് ചുട്ടെടുക്കുക. അച്ചാര്‍ അല്ലെങ്കില്‍ തൈര് കൂട്ടി ചൂടോടെ കഴിക്കാം. വെറുതെ കഴിക്കാനും നല്ല സ്വാദാണ്.