ചിക്കനും കുരുമുളകും ചേര്‍ന്നൊരു മസാലമേളം നാവിലെത്തിയാല്‍ രുചിയുടെ ആറാട്ടാണെന്ന് പറയേണ്ടതില്ലല്ലോ. മുളകുപൊടി മാറ്റിവച്ച് ചിക്കനില്‍ കുരുമുളക് ചേര്‍ത്താല്‍ അതാണ് ആരോഗ്യത്തിനും നല്ലത്. (മുളകുപൊടി വേണ്ടെന്നല്ല). പട്ടയും ഗ്രാമ്പൂവും കറിവേപ്പിലയുമൊക്കെ കുരുമുളകിനൊപ്പം ചേര്‍ത്ത് തയാറാക്കാവുന്ന ഒരു അടിപൊളി ചിക്കന്‍ പെരട്ട് പരീക്ഷിക്കാം.
ചേരുവകള്‍
ചിക്കന്‍: അരക്കിലോ
സവാള ചെറുതായി അരിഞ്ഞത്: ഒന്ന്
വെളുത്തുള്ളി പേസ്റ്റ്: രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി പേസ്റ്റ്: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
ചെറുനാരങ്ങാനീര്: രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില: രണ്ട് കതിര്‍പ്പ്
മഞ്ഞള്‍ പൊടി: അര ടീസ്പൂണ്‍
വെളിച്ചെണ്ണ: കാല് കപ്പ്
കുരുമുളക് ചതച്ചത്: നാല് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി: രണ്ട് ടീസ്പൂണ്‍
മല്ലിയില: അര കപ്പ്
കറുവപ്പട്ട: രണ്ട് കഷ്ണം
ഗ്രാമ്പൂ: നാലെണ്ണം
പാചകം ഇങ്ങനെ
ചിക്കനില്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ പുരട്ടി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് സവാള ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഇനി, മസാലപുരട്ടിയ ചിക്കനും പച്ചമുളകും ചേര്‍ക്കുക. രണ്ടു മിനിറ്റ് ഇതെല്ലാം കൂടി വഴറ്റിയ ശേഷം കുരുമുളക് ചതച്ചതും മല്ലിയിലയും ചേര്‍ത്ത്, ചെറുതീയില്‍ വേവിക്കുക. എണ്ണ തെളിയും വരെ വേവിക്കണം. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിച്ചു ചേര്‍ക്കാം. പിന്നീട് അതിലേക്ക് കാല് കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. പാത്രം അടച്ച് പാകത്തിന് വേവിച്ചെടുക്കണം. ഇറക്കുന്നതിന് തൊട്ടുമുമ്പ് നാലഞ്ച് ഇതള്‍ കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. ഇറക്കിയ ശേഷം ഒരല്‍പ്പം ചെറുനാരങ്ങനീരും കുരുമുളക് ചതച്ചതും ഇതിനു മീതെ വിതറിയാല്‍ സ്വാദ് കൂടും. ചോറിനും ചപ്പാത്തിക്കുമൊപ്പം ചൂടോടെ കഴിക്കാം.