വിളവെടുപ്പില്‍ കര്‍ഷകനെ ചതിക്കില്ല, അതാണ് ചേന. അന്നജം ഏറെയുള്ള കിഴങ്ങു വര്‍ഗം. കൂട്ടുകറി, മെഴുക്കുപുരട്ടി, ചിപ്‌സ് തുടങ്ങി ചോറിന്റെ കൂട്ടുവിഭവങ്ങളില്‍ ചേനയ്ക്കുണ്ട് ചെറുതല്ലാത്തൊരു പങ്ക്. മുളയ്ക്കാനും തഴച്ചുവളരാനും ഇന്നയിടം വേണമെന്ന നിര്‍ബന്ധമില്ല. ഏറെയൊന്നും പരിരക്ഷയില്ലെങ്കിലും വളര്‍ന്നോളും. അടുക്കളമുറ്റത്ത് അത്യാവശ്യം നട്ടുനനയുണ്ടെങ്കില്‍ തലയുയര്‍ത്തി തഴച്ചു പോരും. നല്ല ഫലം തരുന്ന വിളയാണിത്. ചേനത്തണ്ടും ഭക്ഷ്യയോഗ്യം. അധികം ചെലവില്ലാതെ നടത്തുന്ന കൃഷിയില്‍ കീടബാധയും കുറവ്. കമ്പോള വിലയിലും വലിയ ഏറ്റക്കുറച്ചിലില്ല.
ആരോഗ്യകരമായ ഭക്ഷണ ശൈലിയുടെ ഭാഗമാക്കാവുന്ന ചേന ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും. ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളുടെ ഉറവിടമാണിത്. ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഈ കിഴങ്ങുവര്‍ഗം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. ഇതോടൊപ്പം അമിത ഭാരം കൂടാതെ ശരീരത്തെ സംരക്ഷിക്കും. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഉത്പാദനം ക്രമീകരിക്കാനും ചേന നല്ലതാണ്.