ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാല്‍ അതിനെ വടുകപ്പുളി നാരകം കൊണ്ട് അലങ്കരിച്ചിരുത്തിയാലേ അസംകാരുടെ അന്നത്തിന് പൂര്‍ണത വരൂ. ചോറും കൂട്ടാനുമെടുത്ത് അതിന്റെ കൂടെ ഒരു നാരങ്ങാക്കഷ്ണം പിഴിഞ്ഞൊഴിച്ചാല്‍ അവര്‍ക്ക് ശാപ്പാട് കുശാല്‍. അത് കാണുമ്പോള്‍ നമുക്ക് പല്ലുപുളിക്കുമെന്നത് വേറെക്കാര്യം. അച്ചാര്‍, അല്ലെങ്കില്‍ നാരങ്ങവെള്ളം അകത്താക്കിയല്ലേ നമുക്ക് ശീലമുള്ളൂ.
പരമ്പരാഗതമായി തുടരുന്ന ഈ ഭക്ഷണ വൈശിഷ്ട്യം കൊണ്ടാവാം അസമിന്റെ കൃഷിയിടങ്ങളില്‍ വടുകപ്പുളിക്ക് ഒരു ‘കാര്‍ന്നോര്‍’ സ്ഥാനമുണ്ട്. കൃഷിയിലെ ലാഭക്കൊയ്ത്തിലും മുമ്പനാണ് ഈ നാരങ്ങ. അടുക്കളത്തോട്ടത്തില്‍ വീട്ടാവശ്യത്തിനും അതിനു പുറത്ത് വിപണനത്തിനുമായി നാരകച്ചെടികള്‍ കായ്പിടിച്ചു നില്‍ക്കുന്ന കാഴ്ച അസമില്‍ സര്‍വസാധാരണം. ദീര്‍ഘവൃത്താകൃതിയില്‍, നമ്മള്‍ വടുകപ്പുളിയെന്നും ഗണപതി നാരകമെന്നും പറയുന്ന നാരങ്ങാക്കൂട്ടത്തിന് ‘കാജി നെമു’ എന്നാണ് അസമിലെ വിളിപ്പേര്.
‘ഒരു ഗ്രാമം, ഒരു വിള’ എന്ന ആശയത്തോടെ കറിനാരങ്ങ മാത്രം വിളയിറക്കി ലാഭം കൊയ്യുന്ന ഗ്രാമങ്ങളുണ്ട് അസമില്‍. പതിനായിരക്കണക്കിന് നാരകച്ചെടികളാണ് ഇത്തരത്തില്‍ ഒരുമിച്ച് കൃഷിയിറക്കുന്നത്. നട്ട് നാലു വര്‍ഷം കഴിയണം ഇവയില്‍ നിന്ന് നല്ല വിളവ് പ്രതീക്ഷിക്കാന്‍. ഇരുപത് വര്‍ഷത്തോളം നല്ല കായ്ഫലം തരും. എല്ലാത്തരം മണ്ണിലും വളരുമെന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷേ വെള്ളം കെട്ടിക്കിടക്കരുത്. ചാണകമാണ് ഏറ്റവും അനുയോജ്യമായ വളം. മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവാണ് നടാന്‍ പറ്റിയ സമയം. വേനലില്‍ മാത്രമേ വെള്ളം നനച്ചുള്ള പരിചരണം ആവശ്യമുള്ളൂ. എന്നാല്‍, വേരുകള്‍ വരണ്ടുണങ്ങുന്ന അവസ്ഥ കണ്ടില്ലെന്ന് നടിക്കരുത്.
ഒരു നാരങ്ങയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെയാണ് അസമിലെ വിപണി വില. ഒരു ചെടിയില്‍ നിന്ന് ഒരു വര്‍ഷം 500 കായ്കള്‍ വരെ ലഭിക്കും. പൂവിട്ട് ആറു മാസത്തിനകം കായ്കള്‍ പാകമാകും.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും നാരങ്ങാ കൃഷിയിലേക്ക് വരുമാനം തേടിയിറങ്ങുന്ന എത്രയോ യുവാക്കളുണ്ട് അസമില്‍. ഏക്കര്‍കണക്കിന് വരുന്ന കൃഷിഭൂമിയില്‍ നിന്ന് ലക്ഷങ്ങളുടെ ലാഭക്കണക്കുകളാണ് അവര്‍ക്ക് പറയാനുള്ളത്.