കൃഷി ചെയ്യാന്‍ സമയമില്ല, സ്ഥലമില്ല, തുടങ്ങിയ പരാതികള്‍ ഇനി വേണ്ട. വിഷമയ പച്ചക്കറിയെന്ന നിലവിളിയും വേണ്ട. എല്ലാം പരിഹരിക്കാന്‍ നട്ടുവളര്‍ത്തലിന്റെ നല്ലൊരു സമവാക്യമുണ്ട്, മൈക്രൊഗ്രീന്‍സ്. കുറച്ച് ധാന്യമണികളും ഒരു ട്രേയും ഇത്തിരി ചകിരിച്ചോറും മതി മൈക്രൊഗ്രീന്‍സെന്ന ഈ പച്ചത്തുരുത്തുകള്‍ യാഥാര്‍ഥ്യമാക്കാന്‍. ധാന്യങ്ങള്‍ മുളപ്പിച്ച് തൈകള്‍ വളര്‍ത്തി വിളവെടുക്കുന്ന രീതിയാണിത്. പക്ഷേ, വിളവെടുക്കുന്നത് ധാന്യമണികളല്ല, അവയുടെ ഇലകളാണെന്നു മാത്രം.
ചീരയിലും മുരിങ്ങയിലയിലും ഒതുക്കേണ്ടതില്ല ഇനി നിങ്ങളുടെ ഇലക്കറി പ്രിയം. കടല, പയര്‍, ചീര, മത്തങ്ങ, റാഡിഷ് തുടങ്ങി മുപ്പതോളം ഇനങ്ങള്‍ ഇത്തരത്തില്‍ നടാം. മൂന്നോ നാലോ ഇലകള്‍ വളര്‍ന്നു തുടങ്ങുമ്പോഴേക്കും അത് വെട്ടിയെടുത്ത് ഇഷ്ടാനുസരണം പാകം ചെയ്യാം. വെറുതെ കഴിക്കാന്‍ പോലും സ്വാദിഷ്ഠമാണ് ഈ കുഞ്ഞ് ഇലകളും തൈകളും. സാലഡിലും ഉപയോഗിക്കാം. തോരന്‍ വയ്ക്കാം. അടുമുടി പോഷകസമൃദ്ധമായ ഭക്ഷണം. ആരോഗ്യദായക ഭക്ഷണങ്ങളില്‍ ഇടംപിടിച്ച സ്പ്രൗട്ടിന്റെ അടുത്ത പടിയാണ് ഈ വിത്തു വിതയ്ക്കല്‍. ഈ നൂതന കൃഷി രീതിക്ക് മുതല്‍മുടക്ക് തുച്ഛം. നേരം മെനക്കെടുത്തേണ്ടതില്ല. സ്ഥലവും ഇത്തിരി മതി. ഫ്ളാറ്റുകളില്‍ അവലംബിക്കാവുന്ന മികച്ച കൃഷിരീതിയാണിത്.
മൈക്രൊഗ്രീന്സിന്റെ മട്ടും മാതിരിയും എങ്ങനെയെന്ന് നോക്കാം. ചതുരാകൃതിയില്‍, ഏറെ പൊക്കമില്ലാത്ത, പ്ലാസ്റ്റിക് ട്രേകള്‍ സംഘടിപ്പിക്കുക. ഓര്‍ഗാനിക് സോയില്‍ അല്ലെങ്കില്‍ ചകിരിച്ചോറാണ് തൈകള്‍ വളര്‍ത്താനുള്ള മാധ്യമം. കൃഷിക്കാവശ്യമായ ചകിരിച്ചോറ് വിപണിയില്‍ ലഭ്യമാണ്.
ആദ്യമായി ട്രേയില്‍ ഒരു നിര ചകിരിച്ചോര്‍ ഒരേനിരപ്പില്‍ പരത്തിയിടുക. അതിനു മീതെ വിത്തുകള്‍ പാകണം. കടലയും പയറിനങ്ങളുമൊക്കെ മുളപ്പിച്ച ശേഷവും പാകാം. ആവശ്യത്തിന് വിത്തു പാകി അതിനു മീതെ ഒരു നിര കൂടി ചകിരിച്ചോറിട്ട് വെള്ളം തളിച്ച ശേഷം ട്രേ, ഒരു പേപ്പര്‍ കൊണ്ടോ കാര്‍ബോര്‍ഡ് കഷ്ണം കൊണ്ടോ മൂടി രണ്ടു നാള് കഴിഞ്ഞ് തുറന്നു നോക്കുക. അപ്പോഴേക്കും കുഞ്ഞു തൈകള്‍ തലപൊക്കി തുടങ്ങിയിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഇലകളെല്ലാം തഴച്ചു വളരും. ആ പ്രായത്തില്‍ വേണം വെട്ടിയെടുക്കാന്‍. കീടാക്രമണം തലപൊക്കും മുന്‍പു തന്നെ വിളവെടുക്കാം. രാസവളമില്ലാതെ, കീടനാശിനികളില്ലാതെ ഒന്നാംതരം ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ട്രേയില്‍ ഇടുന്ന ചകിരിച്ചോര്‍ എട്ടു തവണയെങ്കിലും തുടര്‍ച്ചയായി വിത്തു പാകാനെടുക്കാം. പിന്നീടത് എടുത്തു മാറ്റി ജൈവവളങ്ങള്‍ ചേര്‍ത്ത് പൂച്ചെടികള്‍ക്കും മറ്റു വിളകള്‍ക്കും വളമായും ഉപയോഗിക്കാം. അധികം വെയിലേക്കാത്തിടത്ത് വേണം ട്രേകള്‍ വയ്ക്കാന്‍. നനവ് കൂടുതലാകരുത്. വേരുകള്‍ ചീഞ്ഞുപോകും. സ്പ്രൗട്ടുകളെടുത്ത് ദ്വാരങ്ങളുള്ള കുഴിഞ്ഞ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാക്കിയ ശേഷം അവ ഒരു പാത്രത്തിലെ വെള്ളത്തിനു മീതെ വച്ചാലും പെട്ടെന്ന് തൈകളായി മാറും. വേരുകള്‍ പാത്രത്തിലെ വെള്ളത്തിലേക്ക് ഇറങ്ങി നില്ക്കും. ചെടികള്‍ തലയെടുപ്പോടെ തഴച്ചുവളര്‍ന്ന് തുടങ്ങും. കടല ഇങ്ങനെ വളര്‍ത്തുന്നതാണ് അഭികാമ്യം.
സ്റ്റാന്ഡുകളുണ്ടെങ്കില് തട്ടുകളായി നിരത്തിയും മൈക്രൊഗ്രീന്‍സ് ഒരുക്കാം. മാത്രമല്ല സ്ഥലപരിമിതിക്ക് ഇത് പരിഹാരവുമാകും. പൂന്തോട്ടങ്ങളെ പോലും കമനീയമാക്കുന്നവയാണ് ഈ കുഞ്ഞിളം നാമ്പുകള്‍.