പുട്ടും കടലയും ഇഡ്ഡലിയും സാമ്പാറും, ചപ്പാത്തിയും പരിപ്പുകറിയുമൊക്കെ മിക്കവാറും ദിവസങ്ങളില്‍ പ്രാതലായി നമ്മള് തട്ടിവിടാറുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ ഗ്രീന്‍പീസിനെ വല്ലപ്പോഴും കണ്ടെങ്കിലായി. അതും കല്ലുപോലിരിക്കുന്ന ഗ്രീന്‍പീസ് മണികള്‍ കുതിര്‍ത്ത് ഒരു വിധം മയപ്പെടുത്തിയാണ് കറിയൊരുക്കല്. പക്ഷേ സ്വാദിഷ്ഠമായ ഗ്രീന്‍പീസ്, പച്ചയ്ക്ക് പറിച്ചെടുത്ത് കറിയൊരുക്കിയാലോ. അസാധ്യ സ്വാദാണ്.
നവംബറില്‍ നട്ടു തുടങ്ങാം
എളുപ്പത്തില്‍ കൃഷി ചെയ്ത് എടുക്കാവുന്നതേയുള്ളൂ ഗ്രീന്‍പീസ്. നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ഗ്രീന്‍പീസ് വളര്‍ത്താന്‍ പറ്റിയ കാലം. അതിന്റെ പച്ചമണികള്‍ കുറച്ചെടുത്ത് ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് എടുത്ത് ചട്ടികളിലോ ഗ്രോബാഗിലോ പാകാം. സീഡ്ലിങ് ട്രേകളിലും മുളപ്പിക്കാം.
ആരോഗ്യദായകം
ചട്ടികളില്‍ വേര്മി കമ്പോസ്റ്റും ചാണകവും മണ്ണും ചേര്‍ത്ത് പോട്ടിങ് മിശ്രിതം നിറയ്ക്കുക. അതിലേക്ക് ഗ്രീന്‍പീസ് മണികള്‍ നട്ടശേഷം നനച്ചു കൊടുക്കുക. അഞ്ചു ദിവസം കൊണ്ട് അവ മുളപെട്ടും. 20 ദിവസം കഴിഞ്ഞാല്‍ വീണ്ടും വേര്മി കമ്പോസ്റ്റോ ചാണകമോ വളമായി നല്‍കണം. അപ്പോള്‍ ചട്ടിയിലെ മണ്ണ് അല്‍പ്പാല്‍പ്പമായി ഇളക്കിക്കൊടുക്കണം. വെയില് ലഭിക്കുന്നിടത്തു വേണം ചെടികള്‍ വയ്ക്കാന്‍.
രണ്ടു മാസം കഴിയുമ്പോഴേക്കും പറിക്കാന്‍ പാകത്തില്‍ ഗ്രീന്‍പീസ് വളര്‍ന്നിരിക്കും. പറിച്ചെടുത്ത് പലതരത്തില്‍ കറിയൊരുക്കാം. ഭക്ഷണത്തില്‍ ഗ്രീന്‍പീസ് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഒരു പാട് ആരോഗ്യഗുണങ്ങളുണ്ട് ഗ്രീന്‍പീസില്‍. ഹൃദയസംരക്ഷണത്തിന് ഉത്തമം. പ്രമേഹവും കൊളസ്ട്രോളും വരാതെ സംരക്ഷിക്കും.