തൃണവര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ സസ്യമാണ് മുള. അതിനുമപ്പുറം പ്രതാപമാര്‍ന്നൊരു സ്ഥാനം മുളയ്ക്ക് കൃഷിയിലുമുണ്ട്. പാവപ്പെട്ടവന്റെ ‘പണിത്തര’മാണ് മുള. ചെത്തിമിനുക്കി മുള കൊണ്ടൊരുക്കുന്ന ചാരുതയാര്‍ന്ന വീടുകള്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ കൗതുകക്കാഴ്ചകളാണ്. ഭൂകമ്പങ്ങളെ ചെറുക്കുന്ന ഈ അധിവാസ വ്യവസ്ഥകള്‍ക്ക് ഇപ്പോഴും മാറ്റങ്ങള്‍ ഏറെയില്ല.
ഗ്രാമീണ ഇന്ത്യയുടെ സുകൃതം
ലോകത്ത് മുളയുത്പാദനത്തില്‍ രണ്ടാമതാണ് ഇന്ത്യ. പ്രതിവര്‍ഷ ഉത്പാദനം 32.3 ലക്ഷം ടണ്‍. ഇരിക്കാന്‍ കസേരകള്‍, അടുക്കളയിലേക്ക് വട്ടികള്‍, മുളന്തടുക്ക്, പുട്ടുകണ, മുളങ്കൊട്ട, അലങ്കാര വസ്തുക്കള്‍, സംഗീതോപകരണങ്ങള്‍, ഭക്ഷ്യയോഗ്യമായ മുളങ്കൂമ്പ് മുളയരി, തുടങ്ങി വീട്ടാവശ്യത്തിനും വില്‍പ്പനയ്ക്കും ഗ്രാമീണര്‍ക്ക് തണലാണ് മുള. പുരയിടങ്ങളുടെ അതിരില്‍ തലയെടുപ്പോടെ വളര്‍ത്തിയിരുന്ന മുളകള്‍ ഇപ്പോള്‍ കൃഷിയായി തന്നെ തരിശിടങ്ങളിലും മറ്റും വ്യാപിക്കുന്നു. ഒരു ഹെക്ടറില്‍ നിന്ന് 40 ടണ്‍ വരെ മുള ലഭിക്കും.
കാര്‍ബണ്‍ വലിച്ചൂറ്റുന്ന ‘രക്ഷകന്‍’
അന്തരീക്ഷ മലനീകരണം മാറ്റുന്നതിലും മുളയുടെ പങ്ക് ചെറുതല്ല. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ പുറത്തുവിടുന്ന ശുദ്ധീകരണ പ്രക്രിയയിലും മുമ്പനാണ് മുള. ഔഷധവീര്യവും വേണ്ടത്ര. അപ്പോഴത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ ലാഭം കൊയ്യുമെന്നത് തീര്‍ച്ച.
നട്ടുവളര്‍ത്താം
ജൂണിലാണ് മുള നട്ടുവളര്‍ത്താന്‍ ഏറ്റവും നല്ല സമയം. നട്ടുകഴിഞ്ഞാല്‍ മൂന്നാ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാഭം കൊയ്യാം. വരണ്ട മണ്ണും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും കാറ്റ് ഒരുപാടുള്ളയിടങ്ങളും മുളങ്കൃഷിക്ക് അനുയോജ്യമല്ല. എന്നാല്‍, ഏതു കാലാവസ്ഥയയേയും ഇത് അതിജീവിക്കും.
പ്രളയം തടുക്കാനും മുളങ്കൂട്ടങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ച കര്‍ഷകര്‍ കേരളത്തിലുണ്ട്. പുഴയോരത്തോ തോടിനരികിലോ ഉള്ള പുരയിടത്തിലേക്കും കൃഷിയിടത്തിലേക്കും പ്രളയജലം ഇരമ്പിക്കയറാതിരിക്കാന്‍ മുളയുടെ ജൈവ മതിലുകള്‍ക്ക് കഴിയും.
തിരുവനന്തപുരത്തെ കേരള ബാംബൂ മിഷന്‍ (ഫോണ്‍: 0471-2311883), തൃശൂര്‍ പീച്ചിയിലുള്ള വനം ഗവേഷണകേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് മുളയുടെ കൃഷിരീതിയും പരിപാലനവും എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം.