‘കുഞ്ഞ’നല്ല കുരുമുളക്

ച്ചക്കുരുമുളക് അരച്ചു ചേര്‍ത്ത് പേരിനൊന്ന് വറുത്തെടുത്ത് വാഴയിലയില്‍ കെട്ടി പൊള്ളിച്ചെടുക്കുന്ന ചാള, എരിവിന്റെ സൂപ്പര്‍ ടേസ്റ്റ് വിളമ്പുന്ന പെപ്പര്‍ ചിക്കന്‍, കുരുമുളകിട്ടു വരട്ടിയ ചെമ്മീന്‍… ഈ സ്വാദൊക്കെ എങ്ങനെ എഴുതി ഫലിപ്പിക്കും! ഓര്‍ക്കുമ്പൊഴേ കൊതി മൂക്കും. അതാണ് കുരുമുളകിന്റെ ഇന്ദ്രജാലം. പൊടിച്ചും വെറുതെയൊന്ന് ചതച്ചും ചേര്‍ത്താല്‍ തന്നെ മിക്കവാറും ‘നോണ്‍വെജ്’ വിഭവങ്ങളെ സ്വാദിന്റെ പരകോടിയിലെത്തിക്കും കുരുമുളക്. പനിച്ചുമൂടിക്കിടക്കുമ്പോള്‍ ഒരു കുരുമുളക് കാപ്പി മതി ചൂടും വേവും മാറി ഉഷാറാവാന്‍. കുളികഴിഞ്ഞ് ഒരു നുള്ള് കുരുമുളകുപൊടിയെടുത്ത് നെറുകയിലിട്ടാല്‍ തലനീരിറക്കവും ഒഴിയും. അങ്ങനെയങ്ങനെ പനിയും കൊതിയും മാറ്റുന്ന കുരുമുളക് കൈയെത്തും ദൂരത്ത് ഉണ്ടാവുന്നതല്ലേ നല്ലത്?
പക്ഷെ, നട്ടു നനച്ച് മരത്തില്‍ പടര്‍ത്തി വളര്‍ത്താന്‍ മരവും മണ്ണും ഉള്ളവര്‍ക്കല്ലേ കഴിയൂ. അവിടയാണ് കുറ്റിക്കുരുമുളക് താരമാകുന്നത്. ചെടിച്ചട്ടി, ഗ്രോബാഗ്, പൊട്ടിയ ബക്കറ്റ്, പഴയ ചാക്ക്, വീഞ്ഞപ്പെട്ടി ഇവയിലെല്ലാം കുരുമുളക് വളര്‍ത്താം. മൂന്നോ നാലോ കുറ്റിക്കുരുമുളക് തഴച്ചു വളര്‍ന്നാല്‍ ഒരു സാധാരണ കുടുംബത്തിന് ഒരു വര്‍ഷത്തേക്കുള്ള കുരുമുളക് കിട്ടുമെന്ന് പറയുന്നത് അത് പരീക്ഷിച്ചു വിജയിച്ചവരാണ്. ഫ്‌ളാറ്റിലായാലും വീട്ടിലായാലും അലങ്കാരച്ചെടിയായും ഇത് നട്ടുവളര്‍ത്താം.
നല്ലൊരു ലാഭക്കൊയ്ത്തു കൂടിയാണ് കുറ്റിക്കുരുമുളക് കൃഷി. പടര്‍ന്നു വളരുന്നവ സീസണില്‍ മാത്രം വിളവു തരുമ്പോള്‍ കുറ്റിക്കുരുമുളക് വര്‍ഷം മുഴുവന്‍ വിളഞ്ഞു നില്‍ക്കും.
വേരുപിടിപ്പിച്ച ശേഷം വേണം ഇതിന്റെ തൈ നടാന്‍. സുതാര്യമായ ചെറിയ കവറുകളിലോ, മുകള്‍ വശം മുറിച്ചു മാറ്റിയെടുക്കുന്ന വെള്ളക്കുപ്പികളിലോ ചെടികള്‍ നടാം. കവറിന്റെ അല്ലെങ്കില്‍ പ്ലാസ്റ്റിക് കുപ്പികളുടെ അടിവശത്ത് വെള്ളം കിനിഞ്ഞിറങ്ങാനുള്ള ദ്വാരമിട്ട ശേഷം അതില്‍ പോട്ടിങ് മിശ്രിതം നിറയ്ക്കണം. രണ്ടു പിടി മണ്ണിന് ഒരു പിടി വീതം ചാണകപ്പൊടിയും ചരലും എന്ന കണക്കിലാകണം മിശ്രിതം. വേണമെങ്കില്‍ അല്‍പ്പം കുമ്മായവും ചേര്‍ക്കാം. നടാനുള്ള കമ്പുകള്‍ മരത്തില്‍ പടരുന്ന കുരുമുളകു വള്ളികളില്‍ നിന്ന് ശേഖരിക്കാം. മരത്തില്‍ വേരു പിടിച്ചിരിക്കുന്ന പ്രധാന വള്ളികള്‍ ഇതിന് ഉപയോഗിക്കരുത്. അതില്‍ നിന്ന് ശാഖകളായി പിരിയുന്ന തണ്ടുകള്‍ വേണം മുറിച്ചെടുക്കാന്‍. തലപ്പത്ത് ‘വി’ ആകൃതിയിലുള്ളവ കണ്ടെത്തി അവിടെ നിന്ന് പത്തോ പതിനഞ്ചോ സെന്റിമീറ്റര്‍ താഴോട്ടു മാറി കമ്പു വെട്ടണം.
പിന്നീട് ഓരോ കമ്പുകളും തയാറാക്കിയിരിക്കുന്ന പോട്ടിങ് മിശ്രിതത്തില്‍ നടുക. തണലില്‍ വേണം ഇവ സൂക്ഷിക്കാന്‍. പതിവായി നനയ്ക്കണം. നനയ്ക്കുമ്പോഴും കാറ്റേറ്റും ചെടികള്‍ ഇളകിപ്പോവരുത്. മൂന്നു മാസമെടുക്കും വേരുപിടിക്കാന്‍. തണലുള്ള സ്ഥലത്താണ് വേരുപിടിപ്പിക്കാന്‍ വയ്‌ക്കേണ്ടത്.
മൂന്നു മാസം കഴിഞ്ഞാല്‍ വേരു നന്നായി പിടിക്കും. അപ്പോഴവ മാറ്റി നടാം. വലിയ പൂച്ചട്ടിയോ, വീഞ്ഞപ്പെട്ടിയോ, ബക്കറ്റോ ഇതിനായി ഉപയോഗിക്കാം. വലിയ ഗ്രോബാഗുകളും നല്ലതാണ്. തൈകള്‍ വേരു പിടിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നഴ്‌സറികളില്‍ നിന്ന് വാങ്ങാം.
മാറ്റി നടുമ്പോള്‍ മണ്ണിനൊപ്പം, ചാണകം, മണല്‍, അല്‍പ്പം എല്ലു പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി ചേര്‍ക്കുക. തൈകള്‍ക്ക് ദ്രുതവാട്ടം വരാതിരിക്കാന്‍ അല്‍പ്പം സ്യൂഡോമോണസ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. മാറ്റി നട്ട് രണ്ടു മാസത്തിനകം തന്നെ അവ തിരിയിട്ടു തുടങ്ങും. വൈകാതെ കായ്ച്ചു തുടങ്ങും.
വര്‍ഷം മുഴുവന്‍ വിളവു തരുന്നതിനാല്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ പരീക്ഷിക്കാം. വേരു പിടിപ്പിച്ച തൈകള്‍ക്ക് 150 രൂപ വരെ വിപണിവിലയുണ്ട്. മാറ്റി നട്ട് കായ്ഫലം കിട്ടാന്‍ പാകമായ തൈകള്‍ക്ക് 500 രൂപയോളം ലഭിക്കും.

LEAVE A REPLY


വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കൃഷിയിടം ന്യൂസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here