പ്രതിരോധം എന്ന വാക്കിനു തന്നെയുണ്ട് വല്ലാത്തൊരു ‘പവര്‍’. അസുഖങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വേനലിലെ മഞ്ഞപ്പിത്തം, കൊതുകു തരുന്ന ഡെങ്കു, എലിപ്പനി, വര്‍ഷകാലത്തെ സാദാ പനി… മുന്‍കരുതലുകള്‍ പോലും പാളുന്നു. അതിജീവനത്തിന് ശരീരം പാകപ്പെടുത്തി പ്രതിരോധിക്കുക മാത്രമാണ് വഴി.
മുരിങ്ങ മതി
അതിന് മരുന്ന് അന്വേഷിച്ച് നടക്കേണ്ടതില്ല. പറമ്പിലിറങ്ങി ഇത്തരി മുരിങ്ങയില പറിച്ചെടുത്ത് എങ്ങനെയാണോ ഇഷ്ടം അതുപോലെ പാകം ചെയ്ത് ചോറിനൊപ്പം കഴിച്ചാല്‍ മതി. വേറൊന്നും വേണ്ട. ഇഷ്ടവും ഇഷ്ടക്കേടുമൊന്നും ഇക്കാര്യത്തില്‍ നോക്കേണ്ടതില്ല. മുരിങ്ങക്കാ കഴിക്കുമ്പോഴും ഇതേ ഗുണങ്ങള്‍ ലഭിക്കും. മുരിങ്ങപ്പൂവും വെറുതേ കളയേണ്ട. പച്ചക്കറികളില്‍ ഏറെപ്പേര്‍ക്കും പ്രിയങ്കരിയാണ് മുരിങ്ങ.
ഒരു വിധം എല്ലാ വൈറസിനേയും പ്രതിരോധിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുണ്ട് മുരിങ്ങക്കയും മുരിങ്ങയിലയും. വെറ്റമിന്‍ സിയുടെ അളവ് വലിയൊരളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വൈറസുകളെ തടയാനാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശം. അതിന് മുരിങ്ങയോളം വരില്ല മറ്റൊന്നും. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഭക്ഷണമാക്കിയാല്‍ മതി. മറക്കേണ്ട, ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി വൈറ്റമിന്‍ സിയുണ്ട് മുരിങ്ങയില്‍. ഇനിയിപ്പോ വെറ്റമിന്‍ എ, ബി സി, ഡി…യൊന്നും അറിഞ്ഞില്ലെങ്കിലും മുരിങ്ങയങ്ങ് കഴിക്കുക.
നഗരവാസിയുമാക്കാം
മുരിങ്ങ നടാന്‍ നഗരങ്ങളില്‍ പ്രശ്‌നം സ്ഥലപരിമിതിയാണ്. അതിനുള്ള പരിഹാരമാണ് ഗ്രോബാഗ് അല്ലെങ്കില്‍ ഡ്രം. മണ്ണു നിറച്ചങ്ങ് നട്ടാല്‍ മതി. നല്ല അന്തസ്സായി വളരും. കമ്പുകള്‍ വേരു പിടിപ്പിച്ച് വലിയ ഗ്രോബാഗിലോ ഡ്രമ്മിലോ മാറ്റി നടാം. അതല്ലെങ്കില്‍ വിത്തുപാകി മുളപ്പിച്ചെടുക്കാം. അല്‍പനേരം വെള്ളത്തില്‍ കുതിര്‍ത്തു വച്ചു വേണം നടാന്‍. മുളച്ച തൈകള്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ ചേര്‍ത്തെടുത്ത മണ്ണില്‍ നട്ടാല്‍ പെട്ടെന്ന് തൈകള്‍ വളരും. അത്യാവശ്യം പരിചരണം കൂടിയായാല്‍ മുരിങ്ങ തഴച്ചു പൊങ്ങും.
വേനല്‍ക്കാലമാണ് തൈകള്‍ നടാന്‍ പറ്റിയ സമയം. ഒരിക്കലും തൈകളുടെ കടയ്ക്കല്‍ വെള്ളം കെട്ടി നില്‍ക്കരുത്. കര്‍ക്കിടകത്തില്‍ മുരിങ്ങയില്‍ അല്‍പ്പം വിഷാംശമുണ്ടാവുമെന്ന് പഴമക്കാര്‍ പറയുന്നത് പതിരല്ലത്രേ. അക്കാലത്ത് കഴിക്കാതിരിക്കുന്നതാണ് ഭേദം.
വിത്തിനും കമ്പിനും
മുരിങ്ങ രണ്ടു തരമുണ്ട്. മരമുരിങ്ങയും ചെടിമുരിങ്ങയും. മരമുരിങ്ങ കമ്പു നട്ടും ചെടിമുരിങ്ങ കായ പാകിയുമാണ് മുളപ്പിക്കുന്നത്. ചെടിമുരിങ്ങ ഒരു വര്‍ഷത്തിനകം കായ് പിടിക്കും. അത്യാവശ്യം വെയില്‍ കിട്ടുന്ന സ്ഥലമാണ് നല്ലത്. മുരിങ്ങ അധികം പൊക്കത്തില്‍ വളരാന്‍ അനുവദിക്കാതെ വെട്ടിക്കളയണം. പൊക്കത്തില്‍ പോകാതെ നന്നായി തഴച്ചു വളരും. കഞ്ഞിവെള്ളം ഒഴിച്ചു കൊടുത്താല്‍ മുരിങ്ങയില്‍ നല്ല വിളവു കിട്ടും. ജൈവസ്ലറികള്‍ ഒഴിച്ചു കൊടുത്താലും നല്ലതാണ്.
പാചകം പലതരം
തോരനായും പരിപ്പിട്ട് കുറുക്കുകറിയായും മുട്ടയോടൊപ്പം ചിക്കിപ്പൊരിച്ചെടുത്തും എങ്ങനെ വേണമെങ്കിലും മുരിങ്ങയില വയ്ക്കാം. പീര ഒതുക്കിയിട്ട് തോരനുണ്ടാക്കിയാല്‍ അപാര സ്വാദ്. അതല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ കടുകും രണ്ടു വറ്റല്‍മുളകും പൊട്ടിച്ചിട്ട് മൂന്നു ചെറിയ ഉള്ളി അരിഞ്ഞതും നാലഞ്ചു കാന്താരി മുറിച്ചിട്ടതും ചേര്‍ത്ത് ഒന്നു വഴറ്റി അതിലേക്ക് നുള്ളിയെടുത്ത രണ്ടുമൂന്നു പിടി മുരിങ്ങയിലയിട്ട് ഉപ്പും ചേര്‍ത്ത് മെഴുക്കു പുരട്ടി പോലെ വച്ചു നോക്കൂ. പ്ലേറ്റിലെ ചോറിന് അരികിലേക്ക് അങ്ങ് പകര്‍ത്തിയിട്ട് ചൂടോടെ ചോറും കൂട്ടിയുരുട്ടി കഴിക്കുക. ആഹാ..! ഒരു പ്ലേറ്റ് ചോറ് എപ്പഴേ തീര്‍ന്നു.